കാസർകോട്: മലയോര വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തുണ്ടായ സിപ്പ് ലൈൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓപ്പറേറ്റർ കാഞ്ഞങ്ങാട് ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) മരിച്ചു.
സനൂപിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സിപ്പ് ലൈൻ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെ പ്രതിഷേധം.
ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കഴിഞ്ഞ ദിവസമാണ് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി സിപ്പ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.
ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം തന്നെയുണ്ടായ ഈ ദാരുണ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.
യാതൊരുവിധ അനുമതികളുമില്ലാതെയാണ് ഈ റോപ് വേ പ്രവർത്തിച്ചിരുന്നതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, കുടുംബത്തിന് അർഹമായ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
