ദിവ്യശാസനയിൽ ഒരു ആത്മഹത്യ

OCTOBER 23, 2024, 12:08 AM

എ.ഡി.എമ്മിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ ശകാരം അനുചിതവും അസ്ഥാനത്തുള്ളതുമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഉദ്യോഗസ്ഥനെ ശാസിക്കുമ്പോൾ ജനപ്രതിനിധി കാണിക്കേണ്ടതായ അന്തസും ഔചിത്യവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചില്ല. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം നവീൻ ബാബുവുമായി ഇടഞ്ഞുനിൽക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാത്ത അതിഥിയായി ചെന്ന് മൈക്ക് വാങ്ങി അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല.

എ.ഡി.എമ്മിന് നൽകിയ യാത്രയയപ്പ് എല്ലാവർക്കും പങ്കെടുക്കാവുന്ന പൊതുസമ്മേളനമായിരുന്നില്ല. സ്വന്തം നാട്ടിൽ നിയമനം ലഭിച്ച എ.ഡി.എം അങ്ങോട്ടു പോകാതെ അന്നു രാത്രി തൂങ്ങി മരിച്ചു. അനൗചിത്യം ക്രിമിനൽ കുറ്റമല്ലാത്തതിനാലും ആത്മഹത്യയ്ക്ക് പ്രേരകമായ വാക്കുകൾ പറഞ്ഞിട്ടില്ലാത്തതിനാലും ദിവ്യയ്‌ക്കെതിരെ എടുത്തുവെന്ന് പറയുന്ന ക്രമിനൽ കേസ് നിലനിൽക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അനൗചിത്യം
മാപ്പാക്കപ്പെടുന്നുമില്ല. പ്രശ്‌നത്തിന് കാരണമായ പമ്പിൽ ദിവ്യയ്ക്ക് വ്യക്തിപരമായ താത്പര്യമുണ്ടെന്നു കേൾക്കുമ്പോൾ സംയമനത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു.

സംസാരം നന്നാകണമെന്ന് തമിഴ്‌നാട്ടിൽ പറഞ്ഞാൽ തെറ്റിധരിക്കപ്പെടുമെങ്കിലും നമുക്ക് അതു മനസിലാകും. അത് പാലിക്കപ്പെടുന്നില്ല എന്നതാണ് ദുരവസ്ഥ. പകലന്തിയിൽ ചാനൽ ചർച്ച കേൾക്കുകയും സീരിയൽ കാണുകയും ചെയ്യുന്ന മലയാളി അന്തസ്സോടെ പെരുമാറുന്നതിനും അന്തസ്സോടെ സംസാരിക്കുന്നതിനും കഴിയാത്ത പ്രാകൃതമനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു. സിനിമയും വ്യത്യസ്തമായ സാംസ്‌കാരിക അനുഭവമാകുന്നില്ല. ഇതിനർത്ഥം നവീൻ ബാബുവിന്റെ ആത്മഹത്യയെ ന്യായീകരിച്ചുകൊണ്ട് ഞാൻ ആ ഉദ്യോഗസ്ഥനുമായി ഐക്യപ്പെടുന്നു എന്നല്ല. ഏതു സാഹചര്യത്തിലും ആത്മഹത്യ കൊലപാതകംപോലെതന്നെ ഗർഹണീയമാണ്.

vachakam
vachakam
vachakam

അഴിമതിയില്ലാത്ത ജനപ്രിയനായ ഉദ്യോഗസ്ഥനാണ് നവീൻ ബാബുവെന്ന് എല്ലാവരും പറയുന്നു. ദിവ്യയെ ഇകഴ്ത്തുന്നതിന് അല്പം അതിശയോക്തി ത്രാസിലെ ഒരു തട്ടിൽ കൂട്ടിയിടുന്നതാകാം. നല്ല ഒതുക്കത്തിൽ ദിവ്യ നൽകിയ അഴിമതിക്കാരൻ എന്ന വിശേഷണം അഴിമതിരഹിതരിൽ മുൻനിരയിൽ നിൽക്കുന്നുവെന്ന് മരണാനന്തരം എല്ലാവരും പറയുന്ന നവീൻ ബാബുവിനെ മാനസികമായി തളർത്തിയിട്ടുണ്ടാകാം. നവീൻ ബാബുവിന്റെ മരണം യാഥാർത്ഥ്യമാണെങ്കിൽ അതിന്റെ കാരണം നമുക്ക് അനായാസം കണ്ടെത്താനാവില്ല. ആത്മഹത്യ എന്നു കരുതുന്നത് കൊലപാതകമായേക്കാം.

പൊതുജനവുമായി ഇടപഴകുന്ന ഉദ്യോഗസ്ഥൻ വിമർശവും ആക്ഷേപവും കേൾക്കാൻ സന്നദ്ധനായിരിക്കണം. തൊട്ടാവാടിയെന്ന് സ്ത്രീകളെ വിളിക്കാറുണ്ട്. വിപുലമായ അധികാരം കൈയാളുകയും ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്ന അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് തൊട്ടാവാടിയാകാൻ പാടില്ല. ദിവ്യയുടെ അത്ര ദിവ്യമല്ലാത്ത ശകാരത്തിനും ആക്ഷേപത്തിനും വിധേയനായി വ്രണിതനായ ഒരു സാധു മരണത്തിൽ ആശ്വാസം കണ്ടെത്തിയെന്ന പൊതുനിലപാടിനോട് എനിക്ക് യോജിപ്പില്ല. പരീക്ഷയിൽ തോൽക്കുമ്പോഴും വീട്ടുകാർ ശാസിക്കുമ്പോഴും കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്യാറുണ്ട്. മൊബൈൽ ഫോൺ വിലക്കുന്നതുപോലും ആത്മഹത്യയ്ക്ക് കാരണമാകുന്ന കാലമാണ്.

ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ മാനസികമായ അനാരോഗ്യവും ദൗർബല്യവും പ്രകടിപ്പിക്കരുത്.
കേൾക്കുന്നവൻ ആത്മഹത്യ ചെയ്താൽ സംസാരിക്കുന്നവൻ കുഴപ്പത്തിലാകുമെന്ന അവസ്ഥയിൽ സംസാരം നിയന്ത്രിതമാകും. ഭവിഷ്യത്തിനെ ഭയന്നുള്ള സംസാരം സംസാരസ്വാതന്ത്ര്യത്തെ പരിമിതമാക്കും. അത് ജനാധിപത്യത്തിനുതന്നെ ദോഷകരമാണ്. കയർക്കാതെയും ഉദ്യോഗസ്ഥന്മാരോട് തട്ടിക്കയറാതെയും എപ്രകാരമാണ് പൊതുപ്രവർത്തകർ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നത്? ഇപ്പോൾ അനാശാസ്യമെന്നു തോന്നുന്ന പ്രതികരണങ്ങൾ എംപി ആയിരുന്നപ്പോൾ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

vachakam
vachakam
vachakam

കൊച്ചിയിലെ പുല്ലേപ്പടി മേൽപ്പാലത്തിന്റെ പണി നടക്കാതായപ്പോൾ തിരുവനന്തപുരത്ത് റയിൽവേ കൺസ്ട്രക്ഷൻ ചീഫ് എൻജിനീയറോട് കയർത്ത് സംസാരിക്കുകയും ഓഫീസിൽ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നവീൻ ബാബുവിനെപ്പോലെ സാഹസത്തിനൊന്നും മുതിരാതിരുന്നത് എന്റെ ഭാഗ്യം. മാധവൻ മീശ പിരിച്ചാൽ എന്നതുപോലെ എംപി മുണ്ട് മടക്കിക്കുത്തിയാൽ എന്ന ഒരു പറച്ചിൽ എറണാകുളം ഭാഗത്ത് അന്നുണ്ടായിരുന്നു. ആത്മഹത്യയെ പരോക്ഷമായല്ല പ്രത്യക്ഷത്തിൽത്തന്നെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഇത്തരം പ്രതികരണങ്ങളുടെ ദോഷഫലം.

ആത്മഹത്യയല്ല പ്രതിവിധി എന്ന സന്ദേശം നൽകേണ്ട മാധ്യമങ്ങൾ ബാലിശമായ പ്രവർത്തനമാണ് നടത്തുന്നത്. മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലും അപകീർത്തികരമായ
ആരോപണങ്ങളും കേട്ട് മനം നൊന്ത് ഒരാൾ ആത്മഹത്യ ചെയ്താൽ എന്തായിരിക്കും പ്രതികരണം? ഇതൊരു സാങ്കല്പികമായ ചോദ്യമല്ല. വർഷങ്ങൾക്കുമുമ്പ് കോട്ടയത്തെ ഒരു ലോഡ്ജിൽനിന്ന് ഒരു തഹസിൽദാരെ അനാശാസ്യവൃത്തിക്ക് പൊലീസ് പിടികൂടിയതായി പത്രത്തിൽ വാർത്ത വന്നു.
വാർത്തയിൽ തഹസിൽദാറുടെ പേര് ഉൾപ്പെടുത്തിയിരുന്നു. അപമാനിതനായ തഹസിൽദാർ നാട്ടിലേക്ക് മടങ്ങാതെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. വാർത്ത നൽകിയ പത്രത്തിന് അന്നോ അതിനുശേഷമോ മനസ്താപമുണ്ടായതായി അനുഭവമില്ല. മി ടൂ കാലത്ത് ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായിപ്പോലും ഏതു പുരുഷനും കുറ്റാരോപിതനാകാൻ സാധ്യതയുള്ളതിനാൽ ആത്മഹത്യയ്ക്കും സാധ്യതയുണ്ട്.

പരാതിയുള്ളവർ ഈ സാധ്യത കണക്കിലെടുത്ത് നിശ്ശബ്ദരായിരിക്കണമെന്നു പറയാൻ കഴിയുമോ? നവീൻബാബുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും എന്നാൽ ആത്മഹത്യയ്ക്ക് മൈനസ് മാർക്ക് നൽകുകയും ചെയ്യുന്ന സമീപനമാണ് മാധ്യമങ്ങളും മന്ത്രിമാർ ഉൾപ്പെടെയുള്ള പൊതുസമൂഹവും സ്വീകരിക്കേണ്ടിയിരുന്നത്. എല്ലാ ആത്മഹത്യയും ഒരുപോലെ പ്രതികരണം ഉണ്ടാക്കുന്നില്ല. കഥയ്ക്കും കഥാപാത്രങ്ങൾക്കും അനുസൃതമാണ് പ്രതികരണം.
ടുണീഷ്യയിലെ ഒരു ചെറുപട്ടണത്തിൽ മുഹമ്മദ് ബുഅസീസി എന്ന തെരുവ് വ്യാപാരിയുടെ ആത്മഹത്യയാണ് പ്രസിദ്ധമായ മുല്ലപ്പൂ വിപ്‌ളവത്തിന് കാരണമായത്. പൊലീസും നഗരസഭയും ചേർന്നാണ് ആ കച്ചവടക്കാരന്റെ ആത്മഹത്യയ്ക്ക് കാരണമായ അവസ്ഥ സൃഷ്ടിച്ചത്. അയാൾ തീ കൊളുത്തി മരിച്ച ഇടത്ത് അയാളുടെ അമ്മ വന്ന് നിശ്ശബ്ദയായി നിന്നപ്പോൾ ചുറ്റും കൂടിയ ആളുകളാണ് മണിക്കൂറുകൾക്കുള്ളിൽ വമ്പിച്ച ജനാവലിയായി മാറിയത്.

vachakam
vachakam
vachakam

ആ ദൃശ്യം അൽ ജസീറയിലൂടെ ലോകം കണ്ടപ്പോൾ അറബ് ലോകത്താകെ പടർന്നു കയറിയ വിപ്‌ളവത്തിന്റെ മുല്ലപ്പൂക്കൾ വിടർന്നു. ബുഅസീസിയെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത പൊലീസുകാരല്ല അറബ് നാടുകളിലെ ഏകാധിപതികളാണ് വിപ്‌ളവത്തിന്റെ ഗന്ധം ശ്വസിച്ച് നിലംപതിക്കുകയോ പലായനം ചെയ്യുകയോ ചെയ്തത്. റിട്ടയർമെന്റിന് മാസങ്ങൾ മാത്രം അവശേഷിക്കേ സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ എ.ഡി.എം തഹസിൽദാറായ ഭാര്യയും മക്കളും റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കേ മുറിയിൽ കയറി ആത്മഹത്യ ചെയ്തു എന്നു കേൾക്കുന്നതിൽ അസ്വാഭാവികതയുണ്ട്.

അന്വേഷണം കഴിയുമ്പോൾ വ്യക്തത ഉണ്ടാകുമായിരിക്കും. അതിനുമുമ്പ് ദിവ്യയെ ക്രൂശിക്കണമെന്ന ആൾക്കൂട്ടത്തിന്റെ ആരവത്തിലും അത് ഏറ്റുപിടിക്കുന്ന മാധ്യമങ്ങളുടെ കോറസിലും അപകടമുണ്ട്. മരണവാർത്തയിൽ ആത്മഹത്യ എന്ന വാക്ക് സ്‌കാൻഡിനേവിയൻ പത്രങ്ങൾ ഉപേക്ഷിച്ചപ്പോൾ ആ രാജ്യങ്ങളിലെ ആത്മഹത്യാനിരക്കിൽ ഗണ്യമായ കുറവ് വന്നതായ പഠന റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്.മരിക്കുന്നതിനല്ല,? ജീവിക്കുന്നതിനുള്ള പ്രേരണയും പ്രോത്സാഹനവുമാണ് മാധ്യമങ്ങളും പൊതുസമൂഹവും നൽകേണ്ടത്.

സെബാസ്റ്റ്യൻ പോൾ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam