സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകൽ; കർശന നിർദേശവുമായി മന്ത്രി

JANUARY 9, 2025, 6:56 PM

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സലൂണുകളിലും ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും സൃഷ്ടിക്കപ്പെടുന്ന മുടി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികളുമായി വിഷയം മന്ത്രി വിശദമായി ചർച്ച ചെയ്തു. എല്ലാ ഷോപ്പുകളും സർക്കാർ അംഗീകരിച്ച ഏജൻസികൾക്ക് മാത്രമേ മാലിന്യം കൈമാറുകയുള്ളൂവെന്ന് സംഘടനകൾ മന്ത്രിക്ക് ഉറപ്പുനൽകി. സംസ്കരണപ്ലാന്റുകളുണ്ടെന്നും കൃത്യമായി പ്രവർത്തനം നടത്തുന്നുവെന്നും പൊല്യൂഷൻ കണ്ട്രോൾ ബോർഡും ശുചിത്വമിഷനും നേരിട്ട് വിലയിരുത്തിയാണ് ഏജൻസികൾക്ക് അംഗീകാരം നൽകുന്നത്.

ഇത്തരം ഏജൻസികൾക്ക് മുടി മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത സാമ്പത്തിക വർഷം മുതൽ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കിനൽകൂ. മുടി മാലിന്യത്തിനൊപ്പം ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രൺ, കോട്ടൺ, ടിഷ്യൂ തുടങ്ങിയ മാലിന്യവും ഇതേ ഏജൻസികൾ തന്നെ ഷോപ്പുകളിൽ നിന്ന് ശേഖരിക്കും. കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജൻസികൾ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകർമ്മസേനയുടെ യൂസർഫീസിൽ നിന്ന് ഇത്തരം കടകളെ ഒഴിവാക്കും. അതേസമയം ഭക്ഷണമാലിന്യം, സാനിറ്ററി മാലിന്യം എന്നിവ ഉദ്പാദിപ്പിക്കുന്നുണ്ടെങ്കിൽ ഹരിതകർമ്മ സേനയ്ക്ക് പണം നൽകണമെന്നും യോഗത്തിൽ ധാരണയായി. നിലവിൽ ഏജൻസികളുടെ ഫീസ് നിരക്കുകൾ ഉയർന്നതാണെന്ന സംഘടനകളുടെ പരാതി വിശദമായി പരിശോധിക്കാൻ ശുചിത്വമിഷനെ മന്ത്രി ചുമതലപ്പെടുത്തി. മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് ഘടന നിശ്ചയിച്ചുനൽകും. സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം എണ്ണം മാത്രമാണ് നിലവിൽ ശാസ്ത്രീയമായ സംസ്കരണത്തിന് മാലിന്യം കൈമാറുന്നുള്ളൂ. എല്ലാ സ്ഥാപനങ്ങളെയും ഈ പരിധിയിൽ എത്തിക്കാൻ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യർഥിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിൽ സർക്കാരിനൊപ്പം അണിനിരന്ന്, എല്ലാ ഷോപ്പുകളും അംഗീകൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കുമെന്ന് എല്ലാ സംഘടനകളും മന്ത്രിയോട് പറഞ്ഞു. 

മുടി മാലിന്യം- ശാസ്ത്രീയ സംസ്കരണത്തിന്റെ അനിവാര്യത

vachakam
vachakam
vachakam

ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയുൾപ്പെടെ ഏകദേശം 27690 സ്ഥാപനങ്ങൾ പ്രതിവർഷം 900 ടൺ മനുഷ്യ മുടി മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നതായാണ് ഏകദേശ കണക്ക്. മുടി മാലിന്യം വെള്ളം അധികം വലിച്ചെടുക്കാതത് കൊണ്ട് തന്നെ ഏതാണ്ട് ഒന്ന് മുതൽ രണ്ട് വർഷം വരെ എടുത്താണ് മണ്ണിലേക്ക് വിഘടിച്ച് ചേരുന്നത്. അതുകൊണ്ട് തന്നെ മുടി മാലിന്യം പലയിടങ്ങളിലും ജലസ്രോതസുകളിലേക്കും  പൊതുയിടങ്ങളിലും തള്ളുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമൂലം വെള്ളത്തിൽ നൈട്രേജൻ്റെ അളവ് കൂടുകയും യൂട്രോഫികേഷന് (Eutrophication) കാരണമാവുകയും ചെയ്യുന്നു. കൂടാതെ മുടി മാലിന്യം കത്തിക്കുകയാണെങ്കിൽ അതിൽ നിന്നും  അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് പോലുള്ള വിഷ വാതകങ്ങൾ ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ ശാസ്ത്രീയമായി മുടി മാലിന്യം സംസ്കരിക്കേണ്ടത് അത്യാവശ്യമാണ്.

മുടി മാലിന്യം- സംസ്കരണവും പുനരുപയോഗ സാധ്യതയും

ഒരു പരിധി വരെ മുടി പുനരുപയോഗിക്കാൻ സാധിക്കും. സൗന്ദര്യവർദ്ധക, ഫാഷൻ മേഖലകളിൽ ഹെയർ എക്സ്റ്റൻഷൻ, വിഗ്ഗുകൾ,കൺപീലികൾ, മീശ, താടി, മറ്റ് സൗന്ദര്യവർദ്ധക സാധനങ്ങളായി മുടി മാലിന്യം പുനരുപയോഗിക്കുന്നു. കൂടാതെ ഷാംപൂകൾ, എണ്ണകൾ, കണ്ടീഷണറുകൾ, ചായങ്ങൾ മുതലായവയുടെ ഗുണ നിലവാരം പരീക്ഷിക്കുന്നതിനായി റീസൈക്കിൾ ചെയ്ത മുടി ഉപയോഗിക്കുന്നു.  കൂടാതെ  പുനരുപയോഗിക്കാൻ കഴിയാത്ത മുടി മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള ടെക്നോളജിയും ഇന്ന് നിലവിലുണ്ട്. കേരളത്തിൽ നിലവിൽ വളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam