തലമുറകളുടെ ഹൃദയം കവർന്ന നാദവിസ്മയം: ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ

JANUARY 9, 2025, 7:45 PM

തിരുവനന്തപുരം: മലയാള സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പി. ജയചന്ദ്രന്റെ വേർപാട് കൊണ്ട് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് 

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും  ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു 

vachakam
vachakam
vachakam

ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ  ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്.  മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേർപാട് കൊണ്ട് ഉണ്ടായിരിക്കുന്നത്. 

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു.

 രമേശ് ചെന്നിത്തല അനുശോചിച്ചു

vachakam
vachakam
vachakam

മലയാളികളുടെ എക്കാലത്തെയും മികച്ച ഭാവ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗ വാർത്ത അവിശ്വസനീയവും ഹൃദയഭേദകവുമാണെന്നു കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികളെ തരളിത ​ഗാനങ്ങളിൽ ആറാടിച്ച അനശ്വര ​ഗായകനാണ് ജയചന്ദ്രൻ. അദ്ദേഹവുമായി വളരെ ദീർഘകാലത്തെ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പല തവണ നേടിയിട്ടുള്ള  ജയചന്ദ്രൻ മലയാളത്തിൽ മാത്രമല്ല, തന്നിന്ത്യയിൽ തന്നെ ഏറെ തിളങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മഞ്ഞലയിൽ മുങ്ങിത്തോർത്തിയെത്തിയ ധനു മാസ ചന്ദ്രിക പോലെ കടന്നു വന്ന ജയചന്ദ്ര സം​ഗീതം, കേട്ടുതഴമ്പിച്ച മറ്റു സം​ഗീത സമ്പ്രദായങ്ങളിൽ നിന്നെല്ലാം വേറിട്ടു നിന്നിരുന്നു.

ഔപചാരികമായി ശാസ്ത്രീയ സം​ഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സം​ഗീതത്തിന്റെ ​ഗിരിശൃം​ഗങ്ങൾ കീഴടക്കിയ ​ഗായകനാണ് ജയചന്ദ്രൻ. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സം​ഗീത സപര്യയാണ് പെയ്തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളിൽ എല്ലാ കാലത്തും വരിലോടിച്ച ഈ മഹാ​ഗായകന്റെ അനശ്വര​ഗാനങ്ങൾക്കു മുന്നിൽ എന്റെ സ്നേഹപ്രണാമം. ഈ ​ഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാ​ഗായകന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

അനുഗ്രഹീത ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 2020 ലെ ജെ സി ഡാനിയേൽ പുരസ്ക‌ാരം അദ്ദേഹത്തിന് നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ കലാജീവിതത്തെ എൽ.ഡി.എഫ് സർക്കാർ ആദരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാതിവർത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം പിടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

vachakam
vachakam
vachakam

ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തിൽ 5 ഭാഷകളിലായി പതിനായിരത്തിൽ അധികം ഗാനങ്ങളാണ് പി ജയചന്ദ്രൻ ആസ്വാദകർക്ക് സമ്മാനിച്ചത്. ഓരോ ഗാനവും നമ്മുടെ മനസുകളിൽ അനുഭൂതികളുടെ വസന്തം തീർക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഗാനങ്ങൾ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam