കണ്ണൂർ: അപകടത്തിന് പിന്നാലെ ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ അടിയന്തര ചികിത്സ ലഭ്യമാകാതെ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കാൽ മണിക്കൂറോളമാണ് വിദ്യാർത്ഥി രക്തം വാർന്ന് റോഡിൽ കിടന്നത്.
കണ്ണൂർ കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജ് വിദ്യാർത്ഥി പി ആകാശ്(20) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം.
വ്യാഴാഴ്ച രാവിലെ ആകാശ് കോളേജിലേക്ക് സ്കൂട്ടറിൽ പോകവെയായിരുന്നു അപകടം. സ്കൂട്ടർ റോഡിൽ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
സാമൂഹികാരോഗ്യ കേന്ദ്രത്തിന് തൊട്ടരികിലായിരുന്നു അപകടമെങ്കിലും അപകടത്തെ തുടർന്നുണ്ടായ തർക്കത്തോടെ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കുന്നത് 15 മിനിറ്റോളമാണ് വൈകിയത്.
പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ഇടിച്ചത്. ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് പ്രദേശത്തുണ്ടായിരുന്നവരുമായി തർക്കത്തിന് കാരണമായത്. കാൽമണിക്കൂറോളം തർക്കം നീണ്ടു. ഇതിന് ശേഷമാണ് ആകാശിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്