കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി രമേശ് ചെന്നിത്തല.
ശശി തരൂർ തെറ്റിദ്ധരിച്ച് പറഞ്ഞതാണ് എന്ന് കരുതുന്നു. ഒരു മിനിറ്റിൽ ഏത് വ്യവസായമാണ് കേരളത്തിൽ തുടങ്ങാൻ കഴിയുന്നത്. ഉള്ള വ്യവസായങ്ങൾ തന്നെ തകർന്നുകൊണ്ടിരിക്കുകയാണെന്നും കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
മൂന്നുലക്ഷം വ്യവസായികൾ കേരളത്തിലേക്ക് വന്നു എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തയ്യൽ കട തുടങ്ങിയാൽ പോലും അത് വ്യവസായമായി കൂട്ടുന്നു. പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്.
ഗവൺമെന്റിന്റെ തെറ്റായ വാദങ്ങൾ കേട്ടാകും ശശി തരൂർ പറഞ്ഞതെന്നും ഈ നിലപാടിനോട് തങ്ങൾ യോജിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾക്ക് എല്ലാ വസ്തുതയും അറിയാം. തരൂരിന്റെ പ്രസ്താവന കൊണ്ട് പാർട്ടി പ്രതിസന്ധിയിലാകില്ല. കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ രേഖകൾ വച്ച് സംസാരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.
മോദി-ട്രംപ് കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നുവെന്ന ശശി തരൂരിന്റെ നിലപാടിനോടും രമേശ് ചെന്നിത്തല വിയോജിച്ചു. ആ യാത്ര കൊണ്ട് ഒരു പ്രയോജനവുമില്ല. ഇന്ത്യക്ക് എന്ത് നേട്ടമാണ് ആ യാത്ര കൊണ്ട് ഉണ്ടായത്? ഇന്ത്യക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയോ? ഇതിനെതിരെയാണ് രാഹുൽഗാന്ധി വിമർശനം ഉന്നയിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്