ഓപ്പറേഷന്‍ ഡൊമിനോ: അന്തര്‍സംസ്ഥാന കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍.സി.ബി; വിദേശികളടക്കം ഏഴ് പേര്‍ അറസ്റ്റില്‍

SEPTEMBER 17, 2026, 7:55 AM

കൊച്ചി: യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട മലയാളി സംഘവും വിദേശികളും ചേര്‍ന്ന് നടത്തിയിരുന്ന അന്തര്‍ സംസ്ഥാന കൊക്കെയ്ന്‍ കടത്ത് ശൃംഖലയെ തകര്‍ത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചി സോണല്‍ യൂണിറ്റ്. ഓപ്പറേഷന്‍ ഡൊമിനോ എന്ന് പേരിട്ട മിന്നല്‍ പരിശോധനയിലൂടെ വിദേശ പൗരന്മാരടക്കം ഏഴ് പേരെയാണ് എന്‍.സി.ബി അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് വിപണിയില്‍ ഏകദേശം 16,55,000 രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ന്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.

മുമ്പ് മയക്കുമരുന്ന് കേസുകളില്‍പ്പെട്ട് യുഎഇയില്‍ തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് എന്‍.സി.ബി നടത്തിവന്ന ശക്തമായ നിരീക്ഷണമാണ് വന്‍ ലഹരി ശൃംഖലയുടെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 10 ന് കോഴിക്കോട് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പഞ്ചാബ് കപൂര്‍ത്തല സ്വദേശി ഗുര്‍പ്രീത് സിങ്, കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഹംദാന്‍ അഹമ്മദ്, അരക്കിണര്‍ സ്വദേശി അഫ്‌ലഹ് പി. എന്നിവരെ 8.12 ഗ്രാം കൊക്കെയ്‌നുമായി പിടി കൂടിയതോടെയാണ് അന്വേഷണം ഊര്‍ജിതമായത്. ബംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഇവരില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്നേ ദിവസം തന്നെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ഊട്ടിയിലെ റിസോര്‍ട്ട് ഉടമയും കേരളത്തിലെ ഡി.ജെ പാര്‍ട്ടികളിലെ സജീവ സാന്നിധ്യവുമായ സിദ്ധാര്‍ഥ് ദാമോറിനെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ അരുണ്‍ രാജ്കുമാറാണ് ഈ ലഹരി ശൃംഖലയിലെ പ്രധാന വിതരണക്കാരനെന്ന് കണ്ടെത്തി. വിദേശികളില്‍ നിന്ന് നേരിട്ട് കൊക്കെയ്ന്‍ ശേഖരിച്ച് മറ്റ് ലഹരി കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എത്തിച്ചുനല്‍കിയിരുന്നത് അരുണ്‍ രാജ്കുമാറായിരുന്നു.

തുടര്‍ന്ന് ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബര്‍ 12, 13 തീയതികളിലായി രണ്ട് വിദേശികളെ എന്‍.സി.ബി വലയിലാക്കി. മെഡിക്കല്‍ അറ്റന്‍ഡന്റ് വിസയിലെത്തി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് അനധികൃതമായി തങ്ങിയിരുന്ന നൈജീരിയന്‍ പൗരയായ ചിസോബ ഹെലന്‍ ആന്റണി (സോണിയ), സ്റ്റുഡന്റ് വിസയിലെത്തി രണ്ട് വര്‍ഷമായി അനധികൃതമായി കഴിഞ്ഞിരുന്ന സിംബാബ്വെ പൗരന്‍ മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെ എന്നിവരാണ് പിടിയിലായത്. ചിസോബയുടെ പക്കല്‍ നിന്ന് 16 ഗ്രാം കൊക്കെയ്‌നും മുഫുകാരെയുടെ പക്കല്‍ നിന്ന് 8.98 ഗ്രാം കൊക്കെയ്‌നും കണ്ടെടുത്തിട്ടുണ്ട്.

പ്രതികളായ സിദ്ധാര്‍ഥ് ദാമോര്‍, ഹംദാന്‍ അഹമ്മദ്, അഫ്‌ലഹ് എന്നിവര്‍ മുന്‍പ് യുഎഇയില്‍ വെച്ച് ലഹരിക്കേസില്‍ തടവുശിക്ഷ അനുഭവിക്കവെയാണ് പരിചയപ്പെട്ടത്. തടവുകാലത്തെ ബന്ധം ഉപയോഗിച്ച് നാട്ടിലെത്തിയ ശേഷം ഗുര്‍പ്രീതുമായി ചേര്‍ന്ന് ഇവര്‍ പുതിയൊരു വിതരണ ശൃംഖല രൂപീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ ലഹരി ശൃംഖലയിലെ ബാക്കി കണ്ണികളെ കൂടി കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് എന്‍.സി.ബി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ലഹരിക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മാനസ് ടോള്‍ ഫ്രീ നമ്പറായ 1933 ല്‍ വിളിച്ച് അറിയിക്കാമെന്നും വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍.സി.ബി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam