ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക-വ്യാപാര സുസ്ഥിരത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 'ടീം ഇന്ത്യ'യായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുഖ്യമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കയും 'എനർജി ലോക്ക്ഡൗൺ' കിംവദന്തികളും അദ്ദേഹം തള്ളിക്കളഞ്ഞു.
പാചകവാതക ക്ഷാമവും ഇന്ധന വിതരണത്തിലെ തടസ്സങ്ങളും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ മതിയായ ശേഖരം രാജ്യത്തുണ്ട്. പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.
കോവിഡ് മഹാമാരിയുടെ സമയത്ത് കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ച മാതൃകയിൽ, നിലവിലെ ആഗോള പ്രതിസന്ധിയെയും നേരിടണം. വിതരണ ശൃംഖലകളും വ്യാപാരവും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ജാഗ്രത പാലിക്കണം.അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പിനും അമിത ലാഭം കൊയ്യുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പശ്ചിമേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈനുകളും ആരംഭിക്കണം. ഇതിനായി നോഡൽ ഓഫീസർമാരെ നിയമിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
