തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരെ കൂടുതൽ ആരോപണം. മുൻ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ എൻ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.
എൻ പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാർ വാങ്ങിയെന്നും ഇതിൻറെ റിപ്പോർട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
ഗോപകുമാറിൻറെ ഫേയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:
ആഴക്കടൽ യാനങ്ങളുടെ നിർമ്മാണത്തിനായി തെരഞ്ഞെടുപ്പടുപ്പിൻറെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തൻ്റെ ബോസായ ചെന്നിത്തലയ്ക്ക് ചോർത്തി കൊടുത്തു. ഓരോ സീനുകളായി നാടകം അരങ്ങേറി.
ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ബോൾഡ് ആയ മന്ത്രിമാരിൽ മുമ്പിലാണ് ശ്രീമതി മേഴ്സികുട്ടിയമ്മയുടെ സ്ഥാനം. 15 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി വോട്ട് മൂന്നു ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിൻറെ കാർമ്മികത്വത്തിൽ കോൺഗ്രസ് - ബി ജെ പി സംയുക്ത സ്ഥാനാർത്ഥി വിഷ്ണുനാഥ് ജയിച്ചു. തീരദേശ മണ്ഡലങ്ങളിൽ പൊതുവിൽ ഈ കുതന്ത്രം പക്ഷെ ഏശിയില്ല.
ഈ നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോൺ ടെക്നിക്കൽ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് എഴുതി. റിപ്പോർട്ട് തയ്യാറാക്കുന്നത് ഒരു അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് . അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാം. എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി. അയാൾ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണൽ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.
ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തിൽ ചെയ്ത ജോലിയുടെ പേരിൽ ഞങ്ങളുള്ളപ്പോൾ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയർ ഐഎഎസുകാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റിൽ ഇടണം എന്നു തന്നെ പറഞ്ഞതോർമ്മയുണ്ട്. ഉദ്യോഗസ്ഥ ബിംബങ്ങളെ ആരാധിക്കുന്ന ശുദ്ധാത്മാക്കൾക്ക് ഒരു പാഠപുസ്തകമാണ് ഈ പ്രശാന്ത് എന്ന സിവിൽ സർവീസുകാരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്