തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം ഫുട്‌ബോളര്‍ അനസ് എടത്തൊടികയ്ക്ക് ജോലി നല്‍കിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡ പ്രകാരം അനസിന് അപേക്ഷിക്കാന്‍ കഴിയില്ല. ഈ വസ്തുത മറച്ചുവെച്ച് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ചില മാധ്യമങ്ങള്‍.
പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഏറ്റവും സുതാര്യമായും നടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം. പിഎസ്‌സിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പാണ് ആ മാതൃകയില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും. കായിക താരങ്ങളുടെ സര്‍ട്ടിഫിറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്.
പൊതുഭരണ വകുപ്പ് 2021 ഫെബ്രുവരി 18 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച് 31 വരെ കാലയളവില്‍ നിശ്ചിത കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. ഫുട്‌ബോള്‍ താരം മുഹമ്മദ് അനസ് നോട്ടിഫക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുത മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടില്ല.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ പങ്കെടുത്ത് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടിയ കേരളാ ടീമിലെ അംഗങ്ങള്‍ക്കും അഖിലേന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ കേരളത്തിലെ സര്‍വകലാശാലകളെ പ്രതിനിധീകരിച്ച് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടിയവര്‍ക്കും അപേക്ഷിക്കാം. അനസ് നോട്ടിഫക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇത്തരം ഒരു മത്സരങ്ങളിലും പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ടീമില്‍ അംഗമായിരുന്നില്ല.
വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തെത്തിയ മികച്ച താരമാണ് അനസ്. അദ്ദേഹത്തിന്റെ കരിയറില്‍ നിരവധി പ്രൊഫഷണല്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ക്ലബ് മത്സരങ്ങള്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് പരിഗണിക്കുന്നതല്ല. പ്രൊഫഷണല്‍ കരിയറില്‍ സജീവമായിരുന്ന കാലയളവില്‍ അനസ് ജോലിയ്ക്ക് അപേക്ഷ നല്‍കിയില്ല. വിരമിക്കുന്ന ഘട്ടത്തിലാണ് അപേക്ഷ നല്‍കിയത്. കായികതാരങ്ങളുടെ മികച്ച പ്രകടനം, സാമ്പത്തികനില, പ്രായം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണനയില്‍ മന്ത്രിസഭാ തീരുമാന പ്രകാരം ജോലി നല്‍കാറുണ്ട്. ഇത്തരത്തില്‍ നിരവധി അപേക്ഷകളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇക്കൂട്ടത്തില്‍ അനസിന്റെ അപേക്ഷയുമുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് ഒരു മാധ്യമം സര്‍ക്കാരിനും കായിക മന്ത്രിക്കും എതിരെ വാര്‍ത്ത നല്‍കിയത്. ഈ തെറ്റ് തിരുത്തണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
2016-24 കാലയളവില്‍ 80 ഫുട്‌ബോള്‍
താരങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനം
തിരുവനന്തപുരം : 2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതുവരെ സ്‌പോട്‌സ് ക്വാട്ട പ്രകാരം 960 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. ഇതില്‍ 80 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. ഇതൊരു റെക്കോഡാണ്. ആകെ നിയമനം ലഭിച്ചവരുടെ 12 ശതമാനം വരും ഫുട്‌ബോള്‍ താരങ്ങളുടെ എണ്ണം.ഒരു കാലയളവിലും ഇത്ര ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. മുപ്പതോളം കായിക ഇനങ്ങളില്‍ നിന്നുള്ളവരുടെ അപേക്ഷ പരിഗണിക്കുന്നതിലാണ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചത്.
പ്രതിവര്‍ഷം 50 പേര്‍ക്കുള്ള സ്‌പോട്‌സ് ക്വാട്ട ഒഴിവു പ്രകാരം നല്‍കിയ നിയമനത്തില്‍ 34 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. 2010-14 കാലയളവിലെ ലിസ്റ്റില്‍ നിന്ന് 14 പേര്‍ക്കും 2015-19 കാലയളവിലെ ലിസ്റ്റില്‍ നിന്ന് 20 പേര്‍ക്കും ജോലി ലഭിച്ചു. പൊലീസിലും കെഎസ്ഇബിയിലും ഈ കാലയളവുകളില്‍ 17 വീതം ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. 2018 ല്‍ സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്‌ബോള്‍ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കി.
യു ഡി എഫ് സര്‍ക്കാര്‍ 2011-16 കാലയളവില്‍ 110 പേര്‍ക്കു മാത്രമാണ് സ്‌പോട്‌സ് ക്വാട്ട നിയമനം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്