കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മുടി വെട്ടി രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായി. ഇന്നലെ കോടതിയിലെത്തിയ സുഹൈലും കൂട്ടാളികളും രൂപമാറ്റം വരുത്തിയിരുന്നതായാണ് വിവരം. സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനാണ് മുടി വെട്ടിയതെന്നാണ് പൊലീസിന്റെ നിഗമനം. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് സുഹൈൽ രൂപമാറ്റം വരുത്തിയതെന്നും സൂചനയുണ്ട്. എന്നാൽ, സുഹൈൽ സ്വയം മുടി വെട്ടുകയായിരുന്നുവെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വിശദീകരണം.
19 വയസ്സുകാരനായ പ്രതിക്ക് മദ്യം നൽകിയ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നിർദേശപ്രകാരമാണ് നടപടി. കടവന്ത്രയിലെ ദയ ബാർ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടൽ എന്നിവയ്ക്കെതിരെയാണ് എക്സൈസ് വകുപ്പ് നടപടിയെടുത്തത്. അബ്കാരി നിയമപ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല.
നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
“കേസിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ഇന്നലെ സംസ്ഥാനത്ത് 12 മണിക്കൂർ നീണ്ട പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം കർശനമായ നിയമനടപടികളും സ്വീകരിക്കും. 21 വയസ്സിൽ താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചത് പൊലീസല്ല, കോടതിയാണ്. ഇക്കാര്യം അറിയാത്ത ചില മാധ്യമപ്രവർത്തകർ തെറ്റിദ്ധാരണ പരത്തുന്നുണ്ട്,” മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
