ആലപ്പുഴ: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. ഇത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എടുത്ത തീരുമാനമാണെന്നും, ഇപ്പോൾ അതിനെ വിമർശിക്കുന്നതെന്തിനാണെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ തീരുമാനത്തിൽ എക്സൈസ് വകുപ്പിന് നേരിട്ടുള്ള പങ്കില്ലെന്നും, നയപരമായ പ്രഖ്യാപനം എക്സൈസ് വകുപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്കാരി നയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും, എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം കേരളത്തിന് ഗുണകരമായ മദ്യനയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ബജറ്റ് പ്രഖ്യാപനം നികുതി ഘടനയെ സംബന്ധിച്ചതാണ് മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. 750 മില്ലി ജവാൻ നിർമാണം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിനുമുമ്പേ നിർത്തിയതാണെന്നും, പിന്നീട് 1000 മില്ലി നിർമാണവും അവസാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിങ് സാമഗ്രികളുടെ ലഭ്യതക്കുറവാണ് ഇതിന് കാരണമായതെന്നും, ഈ വിഷയം ബെവ്കോ മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും, ജവാൻ നിർമാണം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ‘മിന്നൽ മാജിക്’ മദ്യത്തിന്റെ ഉൽപ്പാദന കാര്യത്തിൽ പുനരാലോചന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇത് ഉൽപ്പാദിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പുതിയ ബ്രാണ്ടി നിർമ്മാണവും മുൻ സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണെന്നും, അതിനാവശ്യമായ യന്ത്രങ്ങൾ ഇതിനകം എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ബ്രാണ്ടി നിർമ്മാണം ആരംഭിക്കണമോയെന്ന കാര്യത്തിൽ കൂടുതൽ ആലോചിച്ചശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും എം. ലിജു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
