കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവജാതശിശുവിന്റെ ശരീരത്തിൽ സൂചി തറഞ്ഞുകയറിയതായി ഗുരുതര പരാതി. ചികിത്സാപ്പിഴവ് മൂലം ഒരു വർഷത്തോളം വേദന സഹിച്ച കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ഒരിഞ്ച് നീളമുള്ള സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ ടി.ടി. വിനീഷിന്റെയും അഞ്ജുവിന്റെയും മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് സൂചി നീക്കം ചെയ്തത്.
കഴിഞ്ഞ വർഷം ജൂൺ 24-നായിരുന്നു അഞ്ജുവിന്റെ പ്രസവം കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് നവജാതശിശുക്കളുടെ ഐ.സി.യുവിൽ (NICU) പ്രവേശിപ്പിച്ചു. അവിടെ വെച്ച് കുഞ്ഞിന്റെ വലതുഭാഗത്തെ വാരിയെല്ലിന് സമീപം ചെറിയ തടിപ്പ് കണ്ടതായി മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും സ്‌കാനിംഗിൽ കുഴപ്പമൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പിന്നീട് വീ വീട്ടിലേക്ക് മടങ്ങിയെങ്കിലും കുട്ടി നിരന്തരം കരയുമായിരുന്നു.
രണ്ടുമാസം മുൻപ് തടിപ്പ് വലിയ രീതിയിൽ വീർത്തു വരികയും ട്യൂമറാണോ എന്ന സംശയത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിക്കുകയുമായിരുന്നു.
കോഴിക്കോട് വെച്ച് നടത്തിയ എക്‌സ്-റേയിലും സ്‌കാനിംഗിലുമാണ് ശരീരത്തിനുള്ളിൽ സൂചി തറച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്, ആരോഗ്യ മന്ത്രി, ഗാന്ധിനഗർ പോലീസ് എന്നിവർക്ക് പരാതി നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക് പോളിനെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
