കൊച്ചി: മതനിരപേക്ഷ കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാൻ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്.
ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ലാവ്‌ലിൻ കേസ് ഉൾപ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു. ഇന്ത്യാസഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവർത്തിച്ചു. സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോൾ സിപിഎം കോൺഗ്രസിനെ വിമർശിക്കുന്നത്.
മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാൻ സിപിഎം തയാറല്ല. അതിന് കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഎം എന്നു പറഞ്ഞാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. സിപിഎം പോളിറ്റ്ബ്യൂറോ, ദേശീയ ജനറൽ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് അലങ്കാരത്തിനപ്പുറം ഒന്നുമില്ല. ബാബ്‌റി മസ്ജിജ് പൊളിച്ചതും ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും പേരിൽ അനേകരെ ചുട്ടുകരിച്ചതും പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമൊന്നും പിണറായി വിജയന് ഫാസിസമല്ല.
ഡൽഹിയിൽ 6 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് നോട്ടയ്ക്കും താഴെ .4 ശതമാനം വോട്ടാണ് ലഭിച്ചത്. ദശാബ്ദങ്ങൾ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളിൽ ഇടതുവോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിപ്പോയി. ഹരിയാനിയിൽ കോൺഗ്രസാണ് സിപിഎമ്മിന് ഒരു സീറ്റ് നല്കിയത്.
പിണറായി വിജയൻ സ്തുതിച്ച ആം ആദ്മി പാർട്ടി ഒരു സീറ്റുപോലും നല്കിയില്ല. തമിഴ്‌നാട്ടിൽ രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചാണ് സിപിഎം വോട്ടുപിടിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1.76 ശതമാനം മാത്രം വോട്ടു നേടിയ സിപിഎം ആണ് രാജ്യത്ത് ബിജെപിയെ നേരിടുന്നതെന്നാണ് പിണറായി വിജയൻ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21.19 ശതമാനം വോട്ടു നേടി ബിജെപിയോട് നേർക്കുനേർ ഏറ്റമുട്ടുന്നത് കോൺഗ്രസാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്