കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.
തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി ( 43) മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യയ്ക്ക് പിന്നാലെ നോബിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച മൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ കേസിൽ നോബി മാത്രമാണ് പ്രതി. കുടുംബത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
ഷൈനി മരിച്ചതിന് തലേന്ന് വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നൽകി. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ആയിരുന്നു മെസ്സേജിൽ ഉണ്ടായിരുന്നത്. പ്രകോപനപരമായ രീതിയിൽ എന്തെങ്കിലും മെസ്സേജ് ഉണ്ടോ എന്ന പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല. എന്ത് മെസ്സേജുകൾ ആണ് അയച്ചുതന്ന കണ്ടെത്താൻ പൊലീസ് നോബിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു.
നിലവിൽ വാട്സ്ആപ്പ് ചാറ്റുകൾ പൂർണ്ണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഷൈനിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും. നിലവിൽ ഷൈനിയുടെ ഫോൺ പാർവലിക്കലിലെ വീട്ടിലുണ്ടെന്നാണ് വിവരം. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനക്കും അയക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്