തിരുവനന്തപുരം: നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ കണ്ടെത്തുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍)നിങ്ങളെ സഹായിക്കും.
2019 സെപ്റ്റംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നിന്ന് 45,647 അഭ്യര്‍ത്ഥനകള്‍ പോര്‍ട്ടലിന് ലഭിച്ചു. ഇതില്‍ ഏകദേശം 39,500 ഫോണുകള്‍ വിജയകരമായി ബ്ലോക്ക് ചെയ്യാന്‍ സിഇഐആറിനു സാധിച്ചിട്ടുണ്ട്. ഏകദേശം 35,000 കേസുകളില്‍ ഫോണുകള്‍ കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭിച്ചു. 29,000 ഫോണുകള്‍ ട്രാക്ക് ചെയ്യുന്നതില്‍ വിജയിച്ചു. 6,222 ഫോണുകള്‍ വിജയകരമായി വീണ്ടെടുക്കാനും സാധിച്ചു.
ഇതില്‍ പല ഫോണുകളും പ്രാദേശിക സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കടകളില്‍ നിന്നാണ് കണ്ടെടുത്തത്. ചിലത് പശ്ചിമ ബംഗാള്‍, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വ്യാജ മാര്‍ക്കറ്റുകളില്‍ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് ഫോണുകള്‍ ബ്ലോക്ക് ചെയ്യുന്നത്. അത്യാധുനിക ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യുകയും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ വീണ്ടെടുക്കുകയും ചെയ്യുന്നു.
കണ്ടെടുത്ത ഫോണുകളുടെ മൊത്തം മൂല്യം 6 കോടി രൂപയില്‍ കൂടുതലാണ്. പൊലീസില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സിഇഐആര്‍ പ്ലാറ്റ്ഫോമില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താക്കള്‍ക്ക് ഒരു പണച്ചെലവുമില്ല. മോഷ്ടിക്കപ്പെടുന്ന ആഡംബര ഫോണുകള്‍ കോളുകള്‍ ചെയ്യുന്നതിനോ ഇന്റെര്‍നെറ്റ് ഉപയോഗത്തിനോ കാര്യമായി ഇപ്പോള്‍ ആരും ഉപയോഗിക്കുന്നില്ല. ഇവ മിക്കവാറും സ്‌പെയര്‍ പാര്‍ട്സ് ലഭ്യമാക്കാനായാണ് ഉപയോഗിക്കുന്നത്.
മറ്റാരെങ്കിലും തങ്ങളുടെ ഫോണ്‍ ആക്സസ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന സുരക്ഷാ സവിശേഷതകള്‍ ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളില്‍ ഉണ്ട്. അത്തരം ഫോണുകള്‍ സ്‌പെയര്‍ പാര്‍ട്‌സ് ശേഖരിക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള കടകളിലാണ് എത്തുന്നത്. അവ സ്‌പെയര്‍ തേടുന്നവര്‍ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഫോണുകള്‍ ട്രാക്ക് ചെയ്യുന്നത് ശ്രമകരമായ ഒരു ജോലിയാണെന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ 150 ഓളം മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ സാധിച്ചെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്