ഇന്ദിരാ പ്രിയദർശിനിയുടെ മരണം

MARCH 28, 2024, 11:36 AM

സുരക്ഷാഭടൻ ബിയാന്ത് സിങ്ങ് തന്റെ റിവോൾവറെടുത്ത് ഇന്ദിരാഗാന്ധിക്കുനേരെ നിറയൊഴിച്ചു. വെടിയുണ്ട ഇന്ദിരയുടെ വയറ്റിൽ തുളച്ചുകയറി. ഇന്ദിര തന്റെ വലതുകൈ ഉയർത്തിക്കൊണ്ട് മുഖം മറച്ചു. അപ്പോഴേക്കും, അടുത്തേക്ക് വന്നു കഴിഞ്ഞ ബിയാന്ത് സിങ്ങ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് രണ്ടുതവണ കൂടി വെടിയുതിർത്തു. ഈ ഉണ്ടകൾ ഇന്ദിരയുടെ നെഞ്ചിലും, ചുമലിലും തറച്ചു.

1984ൽ ഒരുമാസത്തെ സന്ദർശനത്തിനായി ഉമ്മൻചാണ്ടി അമേരിക്കയിലേക്കു പോയി. കെ.ആർ. നാരായണനാണ് അപ്പോൾ അവിടുത്തെ ഇന്ത്യൻ സ്ഥാനപതി. ഉമ്മൻചാണ്ടിയും നാരായണനും തമ്മിൽ വളരെ നേരത്തെ തന്നെ പരിചയക്കാരാണ്. അതിലുപരി അയൽക്കാരുമാണ്.

വാഷിംഗ്ടണിൽ എത്തിയപ്പോൾ ഉമ്മൻചാണ്ടി താമസിച്ചത് നാരായണന്റെ ഭവനത്തിലായിരുന്നു. ഒരു നാൾ  അത്താഴവിരുന്നിനു ശേഷം നാരായണൻ ശബ്ദം താഴ്ത്തി ഉമ്മൻചാണ്ടിയോടായിപ്പറഞ്ഞു: അംബാസിഡർ എന്ന നിലയിലുള്ള  കാലാവധി അവസാനിക്കുകയാണ്. ഇനി, കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ചു.

vachakam
vachakam
vachakam

ആ വാർത്ത ഉമ്മൻചാണ്ടിക്ക് വളരെ സന്തോഷം നൽകി. നാരായണനെപ്പോലെ ഒരു വിദേശകാര്യ വിദഗ്ധൻ കോൺഗ്രസിന്റെ ഭാഗമാകുന്നത് എന്തുകൊണ്ടും നേട്ടമാണ്. പക്ഷേ തനിക്ക് ഇതിൽ എന്തു ചെയ്യാൻ കഴിയും പലവട്ടം പല രീതിയിൽ ഉമ്മൻചാണ്ടി ആലോചിച്ചു. ഒടുവിൽ ഒരു വഴി കണ്ടെത്തുകയും ചെയ്തു. എന്നാലത് ആരോടും പറഞ്ഞതുമില്ല. ഉമ്മൻചാണ്ടി മടങ്ങി എത്തിയപ്പോഴേക്കും കോൺഗ്രസ് അടുത്ത പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നേതാക്കളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി. ഡൽഹിയിലെ എ.ഐ.സി.സി ഓഫീസ് ആയിരുന്നു വേദി. കേരള സംഘത്തിൽ നിന്ന് കെ. കരുണാകരനും ആന്റണിയും വയലാർ രവിയും ഉമ്മൻചാണ്ടിയും ആണ് ആ കൂടിക്കാഴ്ചയിൽ പങ്കുകൊണ്ടത്.

ഇതിനോടകം കെ.ആർ. നാരായണൻ അംബാസിഡർ  പദവിയിൽ നിന്ന് രാജിവച്ച് ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു. രാജീവ് ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടി ഇതിനിടെ കെ.ആർ. നാരായണന്റെ വീട്ടിലെത്തി.
അപ്പോഴും അദ്ദേഹം കോൺഗ്രസിലേക്കുള്ള പ്രവേശനത്തിന് വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനിടെ ഉമ്മൻചാണ്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഒറ്റയ്ക്കുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചു. അങ്ങനെ സഫ്ദർ ജംങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ എത്തി. സംസാരത്തിനിടയ്ക്ക് കെ.ആർ. നാരായണന്റെ താൽപര്യം ഇന്ദിരാഗാന്ധിയെ അറിയിച്ചു. ഒരു ചെറുപുഞ്ചിരിക്ക് ശേഷം ഇന്ദിരാഗാന്ധി അത് സമ്മതമാണെന്നറിയിച്ചു. നാരായണനെ കുറിച്ച് വളരെ സ്‌നേഹത്തോടെയും മതിപ്പോടെയും ആണ് ഇന്ദിരാഗാന്ധി സംസാരിച്ചത്. നാരായണമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ഇന്ദിരാഗാന്ധി തന്നെ മുൻകൈയെടുത്തു.

ഇക്കാര്യം ഡോ. പി.സി. അലക്‌സാണ്ടറുമായി ചർച്ച ചെയ്യാൻ ഇന്ദിരഗാന്ധി ഉമ്മൻചാണ്ടിയോട് പറഞ്ഞു. ഉടൻതന്നെ ഉമ്മൻചാണ്ടി അലക്‌സാണ്ടറെ കണ്ടു. ഏറെ താമസിയാതെ ഇന്ദിരാഗാന്ധിയും നാരായണൻ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി. പിറ്റേ ദിവസത്തെ പത്രങ്ങളിൽ അത് വാർത്തയായി വന്നു.
ഇന്ത്യൻ സ്ഥാനപതി സ്ഥാനത്തുനിന്ന് വിരമിച്ച കെ.ആർ. നാരായണൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സത്യത്തിൽ അതൊരു വലിയ തുടക്കമായിരുന്നു. കെ.ആർ. നാരായണൻ അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തുനിന്ന് മത്സരിക്കാൻ അവസരമൊരുക്കി.

vachakam
vachakam
vachakam

ഭാരതത്തെയാകെ ഞെട്ടിച്ച സംഭവം

1984  ഒക്ടോബർ 30ന് ഉച്ചയോടെ ഒഡിഷയിലെ ഭുവനേശ്വർ നഗരത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാൻ വേണ്ടി ഇന്ദിരാഗാന്ധി പോഡിയത്തിനരികിലേക്ക് നീങ്ങിയപ്പോൾ അവരുടെ കയ്യിൽ പതിവുപോലെ, തന്റെ വിശ്വസ്തനായ മാധ്യമ ഉപദേഷ്ടാവ് എച്ച്.വൈ. ശാരദാപ്രസാദ് തയ്യാർ ചെയ്ത പ്രസംഗത്തിന്റെ പകർപ്പുണ്ടായിരുന്നു. അത് നോക്കി വായിക്കുകയാണ് റാലികളിൽ ഇന്ദിരയുടെ പതിവുരീതി. എന്നാൽ പതിവിനു വിരുദ്ധമായി ആ റാലിയിൽ അണിനിരന്ന അണികളെ നോക്കി ഇന്ദിര പറഞ്ഞ ആ വാക്കുകൾ ഏറെ പ്രവചനാത്മകമായിരുന്നു എന്നുവേണം പറയാൻ. കാരണം, അവ ഉച്ചരിച്ച് നേരത്തോടു നേരം കഴിയും മുമ്പ് ഇന്ദിരാഗാന്ധിയുടെ ചോര ഭാരതത്തിന്റെ മണ്ണിൽ ചിന്തി.

റാലിയിൽ  പ്രസംഗത്തിന് ശേഷം കാറിൽ രാജ്ഭവനിലേക്ക് മടങ്ങവേ, ഒഡീഷാ ഗവർണർ ബിശ്വംബർനാഥ് പാണ്ഡെ ഇന്ദിയോട് പറഞ്ഞു, 'മാഡം മരണത്തെപ്പറ്റി പറഞ്ഞത് എന്നെ ആകെ ഞെട്ടിച്ചുകളഞ്ഞു..''ഞാൻ വളരെ ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്', ഇന്ദിര പറഞ്ഞു.

vachakam
vachakam

അന്നുരാത്രി തിരികെ ദില്ലിയിൽ എത്തിയപ്പോഴേക്കും ഇന്ദിര ആകെ ക്ഷീണിതയായിരുന്നു. എന്നിട്ടും ഇന്ദിരക്ക് അന്ന് രാത്രി ഉറക്കം ഒട്ടും ശരിയായില്ല. അടുത്ത മുറിയിലായിരുന്നു സോണിയാഗാന്ധി കിടന്നിരുന്നത്. സോണിയ ആസ്ത്മാരോഗിയാണ്. രാവിലെ നാലുമണിയ്ക്ക് എഴുന്നേറ്റ് വലിവിനുള്ള ഗുളികയും കഴിക്കാൻ വേണ്ടി സോണിയ ബാത്ത്‌റൂമിലേക്ക് നടന്നപ്പോൾ ഇന്ദിരാഗാന്ധി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

സോണിയയുടെ പിന്നാലെ ചെന്ന് ഇന്ദിര മരുന്ന് തപ്പിയെടുക്കാൻ സോണിയയെ സഹായിച്ചിരുന്നു എന്ന് തന്റെ പുസ്തകമായ 'രാജീവി'ൽ സോണിയ എഴുതി. ഇനി എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ തന്നെ വിളിക്കണം, താൻ ഉറങ്ങുന്നില്ല എന്നും ഇന്ദിര സോണിയയോട് പറഞ്ഞു.

രാവിലെ ഏഴയോടെ ഇന്ദിരാഗാന്ധി പ്രാതൽ കഴിക്കാൻ വേണ്ടി ഡൈനിങ് ടേബിളിലെത്തി. കറുത്ത ബോർഡറുള്ള, കുങ്കുമനിറത്തിലുള്ള ഒരു സാരിയായിരുന്നു ഇന്ദിരയുടെ വേഷം. ഇന്ദിരയുടെ അന്നത്തെ ആദ്യ അപ്പോയിന്റ്‌മെന്റ് പീറ്റർ ഉസ്തിനോവ് എന്ന ഇംഗ്ലീഷ് ചലച്ചിത്രകാരനുമായിട്ടായിരുന്നു. ഇന്ദിരാ ഗാന്ധിയെപ്പറ്റി ഒരു ഡോക്യുമെന്ററി നിർമിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെത്തിയ ഉസ്തിനോവ് ഒഡിഷയിലും കൂടെ നടന്ന് ഇന്ദിരയുടെ കുറെ ഫൂട്ടേജ് എടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കല്ലിഗൻ, മിസോറമിൽ നിന്നുള്ള ഒരു നേതാവ് എന്നിവരെ കാണാനുണ്ടായിരുന്നു. രാത്രിയിൽ ബ്രിട്ടീഷ് രാജകുമാരി ആനിന് വിരുന്നുകൊടുക്കാനിരിക്കുകയായിരുന്നു ഇന്ദിര.

അന്നത്തെ ഇന്ദിരയുടെ ബ്രേക്ക്ഫാസ്റ്റ് തികച്ചും 'ലൈറ്റ്' ആയിരുന്നു. രണ്ടു സ്ലൈസ് ടോസ്റ്റഡ് ബ്രഡ്, കുറച്ച് കോൺ ഫ്‌ലേക്‌സ്, അത്രമാത്രം. പ്രാതലിനു ശേഷം പതിവുള്ള ഒരു ചെറിയ മേക്കപ്പ് ടച്ചിങ്. മുഖത്ത് ചെറുതായി ഒന്ന് പൗഡർ പൂശും, പിന്നെ ഇത്തിരി ബ്ലഷും. അത് കഴിഞ്ഞപ്പോഴേക്കും പേഴ്‌സണൽ ഡോക്ടറായ കെ.പി. മാഥുർ ഇന്ദിരയെ പരിശോധിക്കാനെത്തി. അദ്ദേഹത്തെ അകത്തേക്ക് വിളിച്ച് ഇന്ദിര സംസാരിച്ചുതുടങ്ങി. അവർ തമ്മിൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മേക്കപ്പ് ഭ്രമത്തെപ്പറ്റിയും, എൺപതാമത്തെ വയസ്സിലും കറുത്തുതന്നെ ഇരിക്കുന്ന റീഗന്റെ മുടിയെപ്പറ്റിയുമെല്ലാം വെടിപറഞ്ഞിരുന്നു.

സമയം ഒമ്പതുമണി കഴിഞ്ഞ് പത്തുമിനിട്ട്. ഇന്ദിര പുറത്തിറങ്ങി. പ്രധാനമന്ത്രിയുടെ വസതിയുടെ വളപ്പിൽ സുഖകരമായ ഒരു വെയിൽ തെളിഞ്ഞു നിന്നിരുന്നു. പ്രധാനമന്ത്രിക്ക് വെയിലുകൊള്ളാതിരിക്കാൻ വേണ്ടി അംഗരക്ഷകൻ നാരായൺ സിങ്ങ്  ഒരു കറുത്ത കുടചൂടി കൂടെ നടന്നു. രണ്ടടി പിന്നിലായി കോൺഗ്രസ് നേതാവായ ആർ.കെ. ധവാൻ. അദ്ദേഹത്തിനും പിന്നിലായി ഇന്ദിരയുടെ ഓർഡർലി നാഥുറാം. ഇതിനൊക്കെ ഒരല്പം പിന്നിലായി, ഇന്ദിരയുടെ സുരക്ഷയുടെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ രാമേശ്വർ ദയാൽ. അവർക്കെതിരെ കയ്യിൽ ടീസെറ്റുമേന്തിക്കൊണ്ട് ഒരു പരിചാരകൻ കടന്നുപോയി. അതിൽ ഉസ്തിനോവിന് പകർന്നുനൽകാനുള്ള ചായയായിരുന്നു.

നടന്നു നടന്ന് ഇന്ദിര നമ്പർ വൺ അക്ബർ റോഡിലേക്ക്  ചേരുന്ന വിക്കറ്റ് ഗേറ്റിന് അടുത്തെത്താറായപ്പോൾ ഇന്ദിര ധവനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. യമൻ സന്ദർശനത്തിന് പോയ പ്രസിഡന്റ് ഗ്യാനി സെയിൽസിംഗിന്റെ സംഘത്തിന് കൈമാറാൻ ഒരു സന്ദേശം ഇന്ദിര ധവാനെ ഏൽപ്പിച്ചിരുന്നു. പറഞ്ഞതുപോലെ തന്നെ, പ്രസിഡന്റിനോടും സംഘത്തോടും രാത്രി ഏഴുമണിയോടെ തിരിച്ച് ദില്ലി പാലം എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും, അതിനുശേഷം ബ്രിട്ടീഷ് രാജകുമാരി ആനിനുള്ള വിരുന്നിനും വേണ്ട സംവിധാനങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട് എന്നും ധവാൻ പറഞ്ഞു.

ആർ.കെ. പറഞ്ഞുതീരും മുമ്പ്, വിക്കറ്റ് ഗേറ്റിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഭടൻ ബിയാന്ത് സിങ്ങ് തന്റെ റിവോൾവറെടുത്ത് ഇന്ദിരാഗാന്ധിക്കുനേരെ നിറയൊഴിച്ചു. വെടിയുണ്ട ഇന്ദിരയുടെ വയറ്റിൽ തുളച്ചുകയറി. ഇന്ദിര തന്റെ വലതുകൈ ഉയർത്തിക്കൊണ്ട് മുഖം മറച്ചു. അപ്പോഴേക്കും, അടുത്തേക്ക് വന്നു കഴിഞ്ഞ ബിയാന്ത് സിങ്ങ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് രണ്ടുതവണ കൂടി വെടിയുതിർത്തു. ഈ ഉണ്ടകൾ ഇന്ദിരയുടെ നെഞ്ചിലും, ചുമലിലും തറച്ചു.

ഇതേ സമയം കേരളത്തിൽ നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. അന്നൊരു ബുധനാഴ്ചയായിരുന്നു. ഒരു വല്ലാത്ത ഷോക്കിങ് ന്യൂസ് ആണ്  ലഭിച്ചത്. ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു. എല്ലാവരും സ്തബ്ദരായി.  ബി.ബി.സിയാണ് ആദ്യം ഇത് റിപ്പോർട്ട് ചെയ്തത് അതിനപ്പുറം സ്ഥിരീകരണം ഒന്നുമില്ല. എ.കെ. ആന്റണി അപ്പോൾ ഡൽഹിയിലാണ്. ഉമ്മൻചാണ്ടി ഉടനെ എ.കെ. ആന്റണിയെ വിളിച്ചു വാർത്ത ശരിയാണോ എന്നറിയാൻ. അരുതാത്ത സംഭവിച്ചിരിക്കുന്നു. പക്ഷേ വിശദാംശങ്ങൾ ഒന്നും ലഭ്യമല്ല. ഉമ്മൻചാണ്ടിയും കൂട്ടരും മുഖ്യമന്ത്രിയുടെ മുറിയിൽ സമ്മേളിച്ചു എല്ലാവരും വല്ലാത്ത ആശങ്കയിലാണ് ഇന്ദിരാജിയുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നുമില്ല ആന്റണിയുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടു കൊണ്ടിരുന്നു.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam