ഇന്ത്യ അടിയന്തിരാവസ്ഥയുടെ നാളുകളിൽ..!

JANUARY 3, 2024, 8:31 PM

49 വർഷം മുമ്പ്, അതായത് 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിൽ നിന്നും ഉണ്ടായ വിധി ഇന്ത്യയുടെ ചരിത്രഗതിയെ തന്നെ മാറ്റിമറിച്ചു. യു.പിയിലെ റായ്ബറേലിയിൽ നിന്നും ഇന്ദിരഗാന്ധി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജസ്റ്റിസ് ജഗൻ മോഹൻലാൽ സിൻഹയുടെ ബഞ്ച് റദ്ദാക്കി. അടുത്ത ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഇന്ദിരഗാന്ധിയെ വിലക്കി. ഗുജറാത്തിലും ഇന്ദിരഗാന്ധിക്ക് കടുത്ത തിരിച്ചടികൾ നേരിടേണ്ടി വന്നു. റായ്ബറേലിയിൽ ഇന്ദിരാഗാന്ധിയോട് തോറ്റ രാജനാരായന്റെ ഹർജിയിലായിരുന്നു വിധി.

67ന് ശേഷം ഇന്ദിരക്ക് ഇന്ത്യയുടെ ഭരണസംവിധാനത്തിൽ വർദ്ധിച്ചുവന്ന സ്വാധീനം പ്രകടമായിരുന്നു. അത്, 1971 ലെ ഇന്തോ-പാക് യുദ്ധത്തിൽ നേടിയ വിജയം ഇന്ദിരയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു. 'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന മുദ്രാവാക്യം വിശ്വസ്ത വിധേയനായ ദേവകാന്ത ബറുവയുടെ വായിൽ നിന്ന് പുറപ്പെട്ടപ്പോൾ ബൻസിലാൽ, വിദ്യാശങ്കർ ശുക്ല, സഞ്ജയ് ഗാന്ധി, സിദ്ധാർഥ് ശങ്കർ റേ തുടങ്ങിയ നേതാക്കൾ അതേറ്റുചൊല്ലി. ഇന്ദിരയുടെ ചുറ്റുമുള്ള ഉപജാപകവൃന്ദം തോന്നുംപടി കാര്യങ്ങൾ മുന്നോട്ട് നീക്കാൻ തുടങ്ങിയപ്പോൾ, മറുപക്ഷത്ത് സമാജ് വാദി നേതാവ് രാജ് നാരായണെപ്പോലുള്ളവർ ഇന്ദിരയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലായിരുന്നു.

റായ് ബറേലി മണ്ഡലത്തിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കോടതിയിൽ ചോദ്യം ചെയ്തു രാജ് നാരായൺ. പ്രധാനമന്ത്രിയുടെ സ്റ്റെനോഗ്രാഫറായിരുന്ന യശ്പാൽ കപൂർ, സർക്കാർ സർവീസിൽ ഇരുന്നുകൊണ്ട് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ മുഴുകിയത് ചൂണ്ടിക്കാണിച്ചായിരുന്ന രാജ് നാരായന്റെ കേസ്. കേസ് വളരെ ശക്തമാണ് എന്നും, കോടതിയിൽ ചിലപ്പോൾ പ്രതികൂലമായ വിധി വരാനിടയുണ്ട് എന്നുമുള്ള നിയമോപദേശം കിട്ടിയത് ഇന്ദിരയെ വല്ലാത്ത ഭയാശങ്കകളിലേക്ക് തള്ളിയിട്ടിരുന്നു.

vachakam
vachakam
vachakam

വോട്ടർമാര പണം  കൊടുത്ത് സ്വാധീനിച്ചു എന്നത് അടക്കം രാജനാരായണൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെല്ലാം തള്ളിയ കോടതിയുടെ വിധിയിൽ പ്രമാദമായ രണ്ടു തെറ്റുകളാണ് തെളിഞ്ഞത്. ഒന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ യേശുപാൽ കപൂർ പ്രചാരണത്തിൽ ഇടപെട്ടു. രണ്ട് ഒരു തെരഞ്ഞെടുപ്പ് പ്രചരണ വേദി പെട്ടെന്നു നിർമ്മിക്കുന്നതിന് പോലീസിന്റെ ഒട്ടേറെ സഹായങ്ങൾ ഇന്ദിരാഗാന്ധിക്ക് ലഭിച്ചു.

ആദ്യം അല്പം ആശങ്കയിലായ കേരളത്തിലെ കോൺഗ്രസ് നേതൃത്വം പിന്നീട് ഇന്ദിരാഗാന്ധിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ശക്തി പ്രകടനങ്ങൾ നടത്തി. എ.കെ. ആന്റണിയും കെ. കരുണാകരനും വയലാർ രവിയും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കമ്പി സന്ദേശം അയച്ചു. ജൂൺ 18ന് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം അടിയന്തരമായി ചേർന്നു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് തീരുമാനിച്ചതോടെ നേതൃമാറ്റം എന്ന പ്രശ്‌നം അസ്ഥാനത്തായി. അലഹബാദ് ഹൈക്കോടതി വിധി ആറുമാസത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ഇന്ദിരാഗാന്ധി തീരുമാനിച്ചത്

അതേ ദിവസം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഒരു സംഘം ഡൽഹിയിലെത്തി ഇന്ദിരാഗാന്ധിയെ കണ്ടിരുന്നു. വളരെ ഉത്സാഹത്തോടെ ഉമ്മൻചാണ്ടി ആളുകളെ സംഘടിപ്പിക്കാൻ ഓടി നടന്നിരുന്നു. ഏറെ ആത്മവിശ്വാസത്തോട് കൂടിയാണ് കേരള ടീമിനെ ഇന്ദിരാഗാന്ധി സ്വീകരിച്ചത്. പിറ്റേദിവസം ബോട്ട്് ക്ലബ് മൈതാനത്ത് കേരളസംഘം ശക്തമായ ഒരു പ്രകടനം നടത്തി പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ആണ് സുപ്രീംകോടതിയിൽ ഇന്ദിരാഗാന്ധിയുടെ അപ്പീൽ കേട്ടത്. അദ്ദേഹം സ്വാഭാവിക സ്റ്റേ നൽകി പ്രധാനമന്ത്രിയായി തുടരാം എന്നാൽ അപ്പീലിന്മേൽ അന്തിമ തീരുമാനം എടുക്കും വരെ ലോക്‌സഭയിൽ വോട്ട് ചെയ്യാൻ പാടില്ല ഇന്ദിരാഗാന്ധി ഗുരുതരമായ എന്തെങ്കിലും തിരഞ്ഞെടുപ്പ് കുറ്റങ്ങൾ ചെയ്തിട്ടില്ല എന്ന നിഗമനത്തിലായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ.

vachakam
vachakam
vachakam

ഏതാണ്ട് അതേ കാലത്തുതന്നെ, രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്യാർത്ഥി സമരങ്ങളും പൊട്ടിപ്പുറപ്പെട്ടുതുടങ്ങി. ഗുജറാത്തിലെ വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം, മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ അഴിമതി ഭരണത്തിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചു നിരത്തിലിറങ്ങി. ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ തീപ്പൊരി ആളിപ്പടർന്നത് പക്ഷേ, ബിഹാറിലായിരുന്നു. അവിടെ ഇന്ദിരയുടെ വിശ്വസ്തനായ അബ്ദുൽ ഗഫൂറിന്റെ ഭരണമായിരുന്നു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായിരുന്നു അന്ന് ബിഹാർ സംസ്ഥാനം. സംസ്ഥാനത്തെ അഴിമതികൊണ്ട് പൊറുതിമുട്ടിയ യുവജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോൾ, ആവേശം പിടികൂടിയത്

ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തി നിന്നിരുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണായിരുന്നു. വിദ്യാർത്ഥി നേതാക്കൾ വീട്ടിലെത്തി ജെപിയോട് സമരത്തിന് നേതൃത്വം വഹിക്കാൻ അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം ഒരേയൊരു ഉപാധിയിന്മേൽ സമ്മതം മൂളി. 'എന്ത് പ്രകോപനം ഭരിക്കുന്ന പാർട്ടിയുടെ ഉദ്യോഗസ്ഥവൃന്ദത്തിൽ നിന്നുണ്ടായാലും, സമരക്കാരുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാൻ പാടില്ല' എന്നതായിരുന്നു ജെപിയുടെ ഒരേയൊരു നിബന്ധന. ഇന്ത്യയൊട്ടുക്കും പ്രസിദ്ധനായ സാക്ഷാൽ ജയപ്രകാശ് നാരായൺ സോഷ്യലിസ്റ്റ് സമരത്തിന്റെ ചുക്കാൻ പിടിച്ചതോടെ ആസേതുഹിമാചലം ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങൾ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും, നഗരങ്ങളിലും, വിദ്യാലയങ്ങളിലും, കലാലയങ്ങളിലും, സർവകലാശാലകളിലും ഉയർന്നു കേട്ടുതുടങ്ങി.


vachakam
vachakam
vachakam

സമരങ്ങളെ അടിച്ചമർത്താൻ ഇന്ദിരയും ശ്രമങ്ങൾ തുടങ്ങി. ജെപിക്കു നേരെ ഉയർന്ന മർദനം തടയുന്നതിനിടെ പലർക്കും പരിക്കേറ്റു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമം ജെപിയെ ക്ഷുഭിതനാക്കി. 1975 മെയ് 6ന് ഇന്ദിരയ്‌ക്കെതിരെ ജെപി ദില്ലിയിൽ നടത്തിയ ലക്ഷം പേരുടെ ലോങ്ങ് മാർച്ചിൽ ഉയർന്നു കേട്ട മുദ്രാവാക്യമിതായിരുന്നു, 'ജനങ്ങളുടെ ഹൃദയങ്ങൾ പറയുന്നത് കേട്ടോ, ഇന്ദിരയുടെ സിംഹാസനം ആടിയുലഞ്ഞുതുടങ്ങിയെന്ന്...' അതിനു ശേഷം, 1975 ജൂൺ 5 ന് ദില്ലിയിൽ ജെപി നയിച്ച വിരാട് റാലിയിൽ ലക്ഷങ്ങൾ പങ്കെടുത്തു. അന്ന് ഇളകിമറിയുന്ന ജനസാഗരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജെപി രാജ്യത്തെ പൊലീസുകാരോടും പട്ടാളത്തോടുമായി ഏറെ വിവാദാസ്പദമായ ഒരു ആഹ്വാനം നടത്തി,'

നിയമവിരുദ്ധമായ ആജ്ഞകൾ അനുസരിക്കാൻ നിങ്ങൾക്ക് ബാധ്യസ്ഥതയില്ല'.
അന്ന്  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ ആണ് രാജ്യത്തെ നിയന്ത്രണാധീനമാക്കാൻ വേണ്ടി, ഇന്ദിരക്ക് 'അടിയന്തരാവസ്ഥ' എന്ന മാർഗം നിർദേശിക്കുന്നത്. വിശദാംശങ്ങൾ കേട്ടതോടെ ഇന്ദിരയ്ക്കും സംഗതി കൊള്ളാം എന്ന് ബോധ്യപ്പെട്ടു. തനിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി വന്നു പതിമൂന്നാം ദിവസം, 1975 ജൂൺ 25 ന് അർദ്ധരാത്രിയോടടുപ്പിച്ച്, ഓൾ ഇന്ത്യാ റേഡിയോയുടെ സ്റ്റേഷനിലിരുന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നല്ലോ..!

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒട്ടുമിക്ക പത്രങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് കൃത്യമായ സെൻസർഷിപ്പ് നിയന്ത്രണങ്ങളോടെ, ഭരണകൂടത്തിന് ഗുണകരമായ വാർത്തകൾ മാത്രം അച്ചടിച്ചുവരും എന്നുറപ്പുവരുത്തിയ ശേഷം മാത്രമാണ് ആ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് നൽകുന്നത്. ഇന്ത്യ പോലെ ഒരു ജനാധിപത്യരാജ്യത്ത് ഈ പ്രസ് സെൻസർഷിപ്പ് എങ്ങനെ ഭരണഘടനാനുസൃതമായി നടപ്പിലാക്കി എന്നാവും? അങ്ങനെ ഒരു നിയന്ത്രണത്തിനും ഇന്ത്യൻ ഭരണഘടനയിൽ വകുപ്പുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നത് ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദമാണല്ലോ. ആ സ്വാതന്ത്ര്യങ്ങളുടെ കൂട്ടത്തിലാണ് മാധ്യമപ്രവർത്തന സ്വാതന്ത്ര്യവും ഉൾപ്പെടുക.

അത് അനുവദിച്ചു നൽകുന്ന പത്തൊമ്പതാം അനുച്ഛേദത്തിന്റെ രണ്ടാം ഖണ്ഡം പറയുന്നത് പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും ഈ നിയന്ത്രണങ്ങൾ തന്നെ. 'രാജ്യ സുരക്ഷ', 'വിദ്വേഷ പ്രചാരണം' തുടങ്ങിയ കാരണങ്ങളാണ് അവർ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കാരണമായി പറഞ്ഞത്. അശോക് മഹാദേവൻ എന്ന ടൈംസ് ഓഫ് ഇന്ത്യയിലെ ഇരുപത്താറുകാരനായ ജേർണലിസ്റ്റ് അന്ന് ഗൂഢഭാഷയിൽ ജനാധിപത്യത്തിന് ഒരു ചരമക്കുറിപ്പ് പ്രസിദ്ധപ്പെടുത്തി തന്റെ പ്രതിഷേധം അടിയന്തരാവസ്ഥയുടെ ചരിത്രത്തിൽ രേഖപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസ്, സ്റ്റേറ്റ്‌സ്മാൻ, ഹിമ്മത്, ഹിന്ദു പോലുള്ള പത്രങ്ങൾ അന്ന് അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. 1975 ജൂൺ 28 ന് എക്‌സ്പ്രസ് ഒരു ബ്ലാങ്ക് എഡിറ്റോറിയൽ പ്രസിദ്ധം ചെയ്താണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഫിനാൻഷ്യൽ എക്‌സ്പ്രസ് ആകട്ടെ, ടാഗോറിന്റെ ഗീതാഞ്ജലിയിൽ സ്വാതന്ത്ര്യത്തെ പ്രകീർത്തിക്കുന്ന കവിതാശകലമാണ് വെണ്ടയ്ക്കാ അക്ഷരങ്ങളിൽ അച്ചടിച്ചത്. ' ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് എന്റെ ദൈവമേ എന്റെ രാജ്യം ഉണരേണമേ..' എന്നായിരുന്നു ആ വരികൾ അവസാനിച്ചത്. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലേക്കാണ് മധു ട്രെഹാൻ പത്രാധിപരായി ഇന്ത്യ ടുഡേ എന്ന ചെറുമാസിക 1975 ഒക്ടോബർ മാസം അതിന്റെ ആദ്യ ലക്കമിറക്കുന്നത്. കല്പന ശർമ്മ എഡിറ്റ് ചെയ്തിരുന്ന 'ഹിമ്മത്'(ധൈര്യം) എന്ന് പേരായ ഹിന്ദി വാരിക, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ആദ്യരണ്ടു ലക്കം മുഖപ്രസംഗം ഒഴിച്ചിട്ടു. മൂന്നാം ലക്കം മുതൽ നിശിതമായ വിമർശനങ്ങൾ പ്രസിദ്ധപ്പെടുത്തി. അതും, സെൻസർ ചട്ടങ്ങൾ ലംഘിച്ചതിന് നോട്ടീസ് കയ്യിൽ കിട്ടും വരെ മാത്രമേ സാധിച്ചുള്ളൂ.

(തുടരും)

ജോഷി ജോർജ്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam