തിരുവനന്തപുരം: മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ആദ്യ പ്രതികരണവുമായി നടൻ സലിം കുമാർ. ദ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് സംഘടന നൽകിയ പരാതിയിലാണ് വിശദീകരണം.
“ടിവിയിൽ വാർത്ത കണ്ടപ്പോഴാണ് പരാതി നൽകിയതായി അറിഞ്ഞത്. എന്നോട് ആരും നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ഉറപ്പാണ്. പറഞ്ഞ പ്രസ്താവന ഞാൻ പിന്‍വലിക്കില്ല,” എന്നാണ് സലിം കുമാർ വ്യക്തമാക്കിയത്.
താൻ പറഞ്ഞത് സാങ്കൽപ്പികമായ ഒരു ഉദാഹരണമാണെന്നും യാഥാർത്ഥ്യത്തിലുള്ള ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “കേരളത്തിൽ അത്തരമൊരു ആശുപത്രിയോ, അച്ഛനും മകനും ഉള്ള സംഭവമോ ഇല്ലെങ്കിൽ ഞാൻ ആരെയാണ് ആക്ഷേപിച്ചത്? മാനസിക രോഗികളെ പൊതുവെ ലക്ഷ്യമിട്ടല്ല പറഞ്ഞത്. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ രോഗത്തെയോ അപമാനിച്ചിട്ടില്ല,” എന്നും സലിം കുമാർ പറഞ്ഞു.
പരാതി ട്രോളിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇല്ലാത്ത വ്യക്തിയെ ആക്ഷേപിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു ട്രോളിനാണ് ഇത്രയും വിവാദം,” എന്നും അദ്ദേഹം ചോദിച്ചു.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെയും കുടുംബത്തിനെതിരെയും അധിക്ഷേപം നടക്കുന്നതായി ചൂണ്ടിക്കാട്ടിയ സലിം കുമാർ, ഇത് സിപിഎമ്മിന്റെ സംസ്കാരമാണെന്നും വിമർശിച്ചു. “എതിരാളികളെ തെറി പറഞ്ഞ് തോൽപ്പിക്കുക എന്നതാണ് അവരുടെ രീതി,” എന്നും പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സിനിമ നിർമ്മിച്ച അനുഭവം ചൂണ്ടിക്കാട്ടി, താൻ അവരെ ഒരിക്കലും അവഹേളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
