കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിയില്‍ മെക്കാഡം റോഡ് നെടുകെ പിളര്‍ന്നതായി റിപ്പോർട്ട്. പൊയിനാച്ചി–ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണ്‍ ഭാഗത്തുള്ള റോഡാണ് ചൊവ്വാഴ്ച രാവിലെ തകര്‍ന്നത്.
രാവിലെ 11 മണിയോടെയാണ് റോഡ് വലിയ ശബ്ദത്തോടെ പിളര്‍ന്നതെന്ന് പ്രദേശവാസികളും വ്യാപാരികളും പറഞ്ഞു. ഏകദേശം 50 മീറ്ററോളം ദൂരത്തിലാണ് റോഡ് വിണ്ടുകീറിയത്. ചിലയിടങ്ങളില്‍ വിള്ളലുകള്‍ക്ക് ഗണ്യമായ ആഴമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കുണ്ടംകുഴി മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പ് മുതല്‍ കുണ്ടംകുഴി ഭാഗത്തേക്കുള്ള റോഡ് മേഖലയിലാണ് വിള്ളല്‍ രൂപപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമായി ക്രമീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് രാവിലെ 10 മണി മുതല്‍ 11.15 വരെ ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് റോഡ് പെട്ടെന്ന് പിളര്‍ന്നത്. സംഭവം നടക്കുമ്പോള്‍ റോഡിലൂടെ വാഹനങ്ങളൊന്നും കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായതായി നാട്ടുകാര്‍ പറഞ്ഞു.
പൊയിനാച്ചി–ആലട്ടി റോഡ് കര്‍ണാടകയിലേക്കുള്ള പ്രധാന അന്തര്‍സംസ്ഥാന പാതയായതിനാല്‍ റോഡിലെ വിള്ളല്‍ ഗതാഗതത്തെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
