തൃക്കരിപ്പൂർ: പുതിയ യു.ഡി.എഫ്. സർക്കാരിന്റെ വലിയ പെരുന്നാൾ സമ്മാനമായി റേഷൻ കടകൾ വഴി സൗജന്യമായി നെയ്യും ബസ്മതി അരിയും വിതരണം ചെയ്യുന്നു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ പൂർണ്ണമായും വ്യാജമാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 5 കിലോ ബസ്മതി അരിയും 2 കിലോ ശുദ്ധമായ നെയ്യും സൗജന്യമായി നൽകുമെന്നും, നാളെ മുതൽ ഇതിന്റെ വിതരണം ആരംഭിക്കുമെന്നുമാണ് പോസ്റ്ററിലുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം സഹിതമാണ് ഈ പോസ്റ്റർ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു സൗജന്യ വിതരണത്തെക്കുറിച്ച് സിവിൽ സപ്ലൈസ് വകുപ്പ് യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ല.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം വിശ്വസിച്ച് കാസർകോട് ജില്ലയിലെ വിവിധയിടങ്ങളിൽ നിരവധി കാർഡ് ഉടമകളാണ് 'പെരുന്നാൾ സമ്മാനം' വാങ്ങാനായി റേഷൻ കടകളിൽ എത്തിയത്. വ്യാപാരികൾ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പൊതുജനം പറ്റിക്കപ്പെട്ട വിവരം അറിയുന്നത്.
റേഷൻ വ്യാപാരികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വ്യാജ പോസ്റ്ററിന്റെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
