കൊച്ചി: തുടർച്ചയായി വിവരാവകാശ അപേക്ഷകൾ സമർപ്പിക്കുന്നവരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാനുള്ള കൊച്ചി കോർപ്പറേഷന്റെ തീരുമാനത്തിൽ വിശദീകരണം തേടി സംസ്ഥാന വിവരാവകാശ കമ്മീഷൻ. തീരുമാനം വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ കോർപ്പറേഷനോട് വിശദീകരണം ആവശ്യപ്പെട്ടത്. അതേസമയം, അഴിമതി തടയുകയാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്ന് കൊച്ചി മേയർ വ്യക്തമാക്കി.
കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് നിരന്തരം വിവരാവകാശ അപേക്ഷകൾ നൽകുന്നവരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്മീഷൻ ഇടപെട്ടത്. വിവരാവകാശ കമ്മീഷൻ സെക്രട്ടറി കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചു.
നൂറിലധികം വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവരുണ്ടെന്നും ഇവരിൽ ചിലർക്ക് പ്രത്യേക താൽപര്യങ്ങളുണ്ടെന്നുമാണ് മേയറുടെ വിശദീകരണം. ഇത്തരം ചിലർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒത്തുതീർപ്പുകൾക്ക് ശ്രമിക്കുന്നുണ്ടെന്നും ഇതു തടയാനാണ് തീരുമാനമെടുത്തതെന്നും മേയർ പറയുന്നു.
കഴിഞ്ഞ ദിവസം കോർപ്പറേഷനിലെ ഒരു ജീവനക്കാരിയെയും പരാതിക്കാരനായ ഒരാളെയും വിജിലൻസ് പിടികൂടിയ സംഭവവും മേയർ ചൂണ്ടിക്കാട്ടി. ഒരു കെട്ടിടവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയിലൂടെ രേഖകൾ കൈക്കലാക്കിയ വ്യക്തി പിന്നീട് കെട്ടിടത്തിനെതിരെ പരാതി നൽകിയെന്നാണ് പുറത്തുവന്ന വിവരം. പരാതി ഒത്തുതീർപ്പാക്കുന്നതിനായി കെട്ടിട ഉടമ പരാതിക്കാരനുമായി സംസാരിക്കണമെന്ന് കോർപ്പറേഷൻ ജീവനക്കാരി നിർദേശിച്ചെന്നുമാണ് ആരോപണം.
എന്നാൽ, നിയമാനുസൃതമായി വിവരാവകാശ അപേക്ഷകൾ നൽകുന്നവരെയും കോർപ്പറേഷന്റെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. നിരന്തരം അപേക്ഷകൾ സമർപ്പിക്കുന്നവരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും അവരെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതും ശരിയല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
