വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ; സംസ്ഥാനത്തെ ആറ് കോർപ്പറേഷൻ മേയർമാരെ തെരഞ്ഞെടുത്തു

DECEMBER 26, 2025, 2:31 AM

കൊച്ചി:  തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ വി വി രാജേഷ് കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ മേയർ എന്നപേരിൽ ചരിത്രത്തിൽ ഇടംപിടിക്കും. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളിൽ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു. എൽഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡ‍ിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അം​ഗങ്ങളുടെ വോട്ടുകൾ അസാധുവായപ്പോൾ ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

 കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിന്റെ എ കെ ഹഫീസ് മേയറാകും. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഹഫീസിന്റെ പേര് മേയർ പദവിയിലേക്ക് ഉയർത്തിക്കാട്ടിയിരുന്നു. എൽഎഫിന്റെ കോട്ടയാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ഹഫീസിന് 27 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ പിജെ രാജേന്ദ്രന് 16 പേരുടെ പിന്തുണ ലഭിച്ചു.  

 കൊച്ചി കോർപ്പറേഷനിൽ അഡ്വ. വി കെ മിനിമോളെ മേയറായി തെരഞ്ഞെടുത്തു. മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയർസ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോൾ. ഷൈനി മാത്യൂ ഫോർട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. വി കെ മിനിമോൾക്ക് 48 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിൻ ബാബുവിന്റെ വോട്ട് വി കെ മിനിമോൾക്ക് ലഭിച്ചു. എൽഡിഎഫിന്റെ അംബിക സുദ‍ർശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോർപ്പറേഷനിൽ യുഡിഎഫ് 46, എൽഡിഎഫ് 20, എൻഡിഎ ആറ്, മറ്റുള്ളവർ നാല് എന്നിങ്ങനെയാണ് കക്ഷിനില.

vachakam
vachakam
vachakam

തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ ഡോ. നിജി ജസ്റ്റിൻ മേയറായി. കിഴക്കുംപാട്ടുകരയിൽ നിന്ന് വിജയിച്ച നിജി ഡോക്ടർ കൂടിയാണ്.  നിജി ജസ്റ്റിന് 35 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ എം എൽ റോസിക്ക് 13 പേരുടെ പിന്തുണയും ബിജെപിയുടെ പൂർണ്ണിമാ സുരേഷിന് എട്ട് പേരുടെ പിന്തുണയും ലഭിച്ചു. 56 അംഗ തൃശ്ശൂർ കോർപ്പറേഷനിൽ 33 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റുകളിലും എൻഡിഎ എട്ടിടത്തുമാണ് വിജയിച്ചത്. മറ്റുള്ളവർ നാല് സീറ്റിൽ വിജയിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയറായി പി ഇന്ദിരയെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി ഇന്ദിര കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കണ്ണൂർ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരിക വിജയമാണ് നേടിയത്. 

കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവമാണ് മേയർ. സിപിഐഎം കോഴിക്കോട് നോർത്ത് ഏരിയാകമ്മിറ്റി അംഗമാണ്. തടമ്പാട്ടുതാഴം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് സദാശിവൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഏക കോർപ്പറേഷനാണ് കോഴിക്കോട്. ഒ സദാശിവനെ 33 പേർ പിന്തുണച്ചപ്പോൾ യുഡിഎഫിനെ 28 പേർ പിന്തുണച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam