മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം:  രമേശ് ചെന്നിത്തല

APRIL 28, 2025, 1:16 AM

തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെ ഉടനടി ആ സ്ഥാനത്തു നി്ന്നും കിഫ്ബി സിഇഒ ചുമതലയിൽ നിന്നും നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അകത്തായതിനു ശേഷം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. 

ചക്കരക്കുടത്തിൽ കയ്യിട്ടവരുടെ അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ. കള്ളക്കടത്തും അനധികൃത നിയമനങ്ങളും അനധികൃത കോൺട്രാക്ടുകളും മാസപ്പടിയും എല്ലാം ചേർന്ന് കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. വിരമിച്ച ശേഷം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നൽകി തന്റെ ഓഫീസിനെ നയിക്കാൻ പിണറായി വിജയൻ നിയോഗിച്ച ആളാണ് കെ.എം എബ്രഹാം. കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത പോലെ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നൽകി മന്ത്രിമാർക്കു തുല്യസ്ഥാനം നല്കിയതും അടുത്തിടെയാണ്.

vachakam
vachakam
vachakam

കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു മേൽ അന്വേഷണം വരുമെന്ന അവസ്ഥ വന്നപ്പോഴാണ് കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചത്. ഇത് കിഫ്ബിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ആരെയൊക്കെയോ രക്ഷിക്കുന്നതിന്റെ ഭാഗമായി നൽകിയ ഡീലാണ്. വമ്പൻ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ട് എന്നതിന്റെ സൂചന മാത്രമാണ് ആ ഡീൽ.

കെ.എം എബ്രഹാമിനെതിരെ വിജിലൻസ് നടത്തിയ അന്വേഷണവും അതു അപ്പാടെ കണ്ണുമടച്ചു സ്വീകരിച്ച വിജിലൻസ് കോടതി വിധിയും ഹൈക്കോടതിയുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഹർജിക്കാരൻ കണ്ടെത്തി ഹാജരാക്കിയ നിസാരപ്പെട്ട വസ്തുതകൾ പോലും കേരള സംസ്ഥാനത്തിലെ വിജിലൻസ് വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അതിനു കാരണം എന്താണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാകും.

വിജിലൻസിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ സ്വന്തക്കാരെ മുഴുവൻ അഴിമതി കേസുകളിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി കുറഞ്ഞ പക്ഷം വിജിലൻസിന്റെ ചുമതലയെങ്കിലും ഒഴിയാനുള്ള സാമാന്യ മര്യാദ കാണിക്കണം - ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

വിഴിഞ്ഞം തുറമുഖത്തിന്റെ അവലോകന യോഗത്തിൽ ഭാര്യയേയും മകളേയും കൊച്ചുമകനെയും ഒപ്പമിരുത്തിയ മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപമാനകരവും അപലപനീയവുമാണ്. സംസ്ഥാന സർക്കാർ എന്നത് പിണറായി വിജയന്റെ അടുക്കളക്കാര്യമല്ല. ഗുരുതരമായ അഴിമതി ആരോപണത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട പ്രതിയാണ് വീണാ വിജയൻ. അത്തരമൊരാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ അവലോകന യോഗത്തിൽ എങ്ങനെയാണ് പങ്കെടുപ്പിക്കാൻ ആവുന്നത്. മുഖ്യമന്ത്രിയുടെ കുടുംബക്കാര്യമല്ല വിഴിഞ്ഞം തുറമുഖ പദ്ധതി.. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല - രമേശ് ചെന്നിത്തല പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam