തിരുവനന്തപുരം: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളില്‍ നിന്നും 9 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ട്യൂമര്‍ നീക്കം ചെയ്തു. തിരുവനന്തപുരം കിംസ് ഹെല്‍ത്തിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താതെ തന്നെ ട്യൂമര്‍ നീക്കം ചെയ്തത്.
ഗര്‍ഭാവസ്ഥയില്‍ 33 ആം ആഴ്ചയിലെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലാണ് കുഞ്ഞില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് 37 ആം ആഴ്ചയില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ ബയോപ്‌സി പരിശോധനയില്‍, കരളിന്റെ കോശങ്ങളില്‍ വളരുന്ന കാന്‍സറായ ഹെപ്പറ്റോബ്ലാസ്റ്റോമയാണിതെന്ന് സ്ഥിരീകരിച്ചു. കുട്ടികളില്‍ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും നവജാത ശിശുക്കളില്‍ ഇത് വളരെ അപൂര്‍വമാണ്.
9 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ട്യൂമര്‍ രക്തക്കുഴലുകള്‍ക്കിടയിലായി സ്ഥിതി ചെയ്തതിനാല്‍ അപകടാവസ്ഥയിലായിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കല്‍ സംഘം ട്യൂമറിന്റെ വലിപ്പം കുറയ്ക്കാനായി കീമോതെറാപ്പി നല്‍കാന്‍ തീരുമാനിച്ചു. നവജാത ശിശുവില്‍ കീമോതെറാപ്പി നല്‍കുന്നത് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ സര്‍ജറിക്ക് സഹായകമാകുന്ന വിധത്തില്‍ ട്യൂമറിന്റെ വലിപ്പം കുറയ്ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമെന്നും ഡോ. ഷബീറലി ടി.യു പറഞ്ഞു. വിജയകരമായി ട്യൂമറിന്റെ വലിപ്പം കുറയ്ക്കുകയും അഞ്ചാം മാസത്തില്‍ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
നിയനെറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നവീന്‍ ജെയിന്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അസ്ഗര്‍ അബ്ദുല്‍ റഷീദ്, ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷബീറലി ടി.യു, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കല്‍ ചെയര്‍ ഡോ. ഷിറാസ് അഹ്മദ് റാത്തര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവില്‍ വീന കാവയും ട്യൂമറിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുമുള്‍പ്പെടെ കരളിന്റെ ഒരു പ്രധാന ഭാഗം നീക്കം ചെയ്തു. ശസ്ത്രക്രിയ്ക്ക് ശേഷം കുഞ്ഞ് പൂര്‍ണാരോഗ്യം പ്രാപിക്കുകയും ഒരു മാസത്തിനുള്ളില്‍ ആശുപത്രി വിടുകയും ചെയ്തു.
ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. വര്‍ഗീസ് എല്‍ദോ, അനസ്‌തേഷ്യ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ഹാഷിര്‍ എ, ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനോജ് കെ.എസ്, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ് എന്നിവര്‍ മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്