ശ്രീഹരിക്കോട്ട:
ഭൗമനിരീക്ഷണ ഉപഗ്രഹം നിസാര്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെയും
അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച
ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍
റഡാര്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍ നിന്നാണ്
ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും
സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാന ദൗത്യം.
ഐഎസ്ആര്‍ഒയും
നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ഇന്ത്യയുടെ
ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 743
കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ
ചുറ്റുക. ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിന്റെയും വിവരങ്ങള്‍ 12 ദിവത്തെ
ഇടവേളയില്‍ രേഖപ്പെടുത്താന്‍ നിസാറിലെ നിരീക്ഷണ ഉപകരണങ്ങള്‍ക്ക് കഴിയും.
ലോകത്ത്
തന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹ വിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്റേത്. 150
കോടി ഡോളറാണ് (13,000 കോടി രൂപ) ചെലവ്. ഇതില്‍ 788 കോടി രൂപയാണ് ഇന്ത്യ
മുടക്കുന്നത്. ഏറ്റവും വലിയ ഇന്‍ഡോ-യുഎസ് ഉപഗ്രഹ ദൗത്യങ്ങളില്‍ ഒന്നാണിത്.
ഭൂമിയുടെ അഭൂതപൂര്‍വമായ വിശദാംശങ്ങളോടുകൂടിയ ത്രിമാനദൃശ്യം നല്‍കുന്ന
ആദ്യത്തെ ഉപഗ്രഹമാണിത്.
ഓരോ 12 ദിവസത്തിലും രണ്ട് തവണ ഭൂമിയിലെ
പ്രദേശങ്ങള്‍ പൂര്‍ണമായി സ്‌കാന്‍ ചെയ്യുകയും, ഉയര്‍ന്ന റെസല്യൂഷനുള്ള
ചിത്രങ്ങളിലൂടെ ഒരു സെന്റിമീറ്റര്‍ വരെയുള്ള ചെറിയ മാറ്റങ്ങള്‍ പോലും
നിരീക്ഷിക്കുകയും ചെയ്യും. മുന്‍പ് നാസയുടെ ഒരു ഉപഗ്രഹത്തിനും സാധിക്കാത്ത
തരത്തില്‍ ഇത് ഭൗമ നിരീക്ഷണ വിവരങ്ങള്‍ ശേഖരിക്കും. കാലക്രമേണ ഭൂമിയിലെ
കരയും സമുദ്രങ്ങളും എങ്ങനെ മാറുന്നു എന്നതിന്റെ വിശദമായ രേഖ ഉപഗ്രഹം
നല്‍കും, ഇത് കാലാവസ്ഥാ ഗവേഷണത്തിന് ഊര്‍ജം പകരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്