ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം 22 വര്‍ഷത്തിനിടെ ഇരട്ടിയായെന്ന് കണക്ക്. സെക്കന്‍ഡറി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ നേടിയവരിലെ തൊഴിലില്ലായ്മ നിരക്ക് 2000 ത്തില്‍ 35.2 % ആയിരുന്നത് 2022 ല്‍ 65.7 % ആയാണ് ഉയര്‍ന്നത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് എവര്‍ ചേര്‍ന്ന് പുറത്തുവിട്ട ഇന്ത്യ അണ്‍എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് 2024 ലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണ്. യോഗ്യതകള്‍ ഉണ്ടായിട്ടും അതിനനുസരിച്ചുള്ള ജോലിയല്ല യുവാക്കള്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയവരില്‍ മൂന്നിലൊന്ന് ആളുകള്‍ക്ക് മാത്രമേ യോഗ്യതക്ക് അനുസരിച്ച് തൊഴില്‍ ലഭിക്കുന്നുള്ളൂ. നഗരമേഖലയില്‍ 17.2 ശതമാനം യുവാക്കള്‍ തൊഴിലില്ലാതെ അലയുമ്പോള്‍ ഗ്രാമങ്ങളില്‍ 10.6 ശതമാനം പേരും തൊഴില്‍ തേടി അലയുകയാണ്. നഗരങ്ങളിലെ സ്ത്രീകളില്‍ തൊഴിലില്ലായ്മ 21.6 ശതമാനമാണ്. അണ്ടര്‍ എംപ്ലോയ്‌മെന്റ് തോത് 2000 ത്തിനും 2019 നും ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്.
2019 ലെ കോവിഡ് സാഹചര്യത്തിന് ശേഷം ഇന്ത്യയില്‍ തൊഴിലിന്റെ സ്വഭാവം മാറി. കോവിഡ് തൊഴില്‍ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തിന് ഇനിയും കരകയറാന്‍ സാധിച്ചിട്ടില്ല. നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലെ തൊഴിലുകള്‍ യുവാക്കള്‍ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വീസ് സെക്ടറിലും നിര്‍മ്മാണ മേഖലയിലുമാണ് ഇപ്പോള്‍ യുവാക്കളധികവും തൊഴില്‍ തേടി പോകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സര്‍ക്കാരിന്റെ തൊഴിലധിഷ്ഠിത നേട്ടങ്ങളെ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം കര്‍ണാടകത്തില്‍ നിന്നുള്ള ബഹുത്വഫോറം പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ദിവസം 375 രൂപ പോലും വരുമാനമില്ലാത്തവരാണ് രാജ്യത്തെ 34 ശതമാനം വീടുകളുമെന്ന് കണക്ക് ചൂണ്ടിക്കാട്ടുന്നു. വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക അന്തരം ജനത്തിനിടയില്‍ ഈ കാലത്ത് വര്‍ധിച്ചിട്ടുണ്ട്.
2022 ലെ കണക്ക് പ്രകാരം രാജ്യത്തെ ഒരു ശതമാനം സമ്പന്നര്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 22 % വും സമ്പന്നരിലെ ആദ്യ 10 ശതമാനം പേര്‍ മൊത്തം വരുമാനത്തിന്റെ 57 % വും കൈയ്യാളുന്നു. അവസാന പാതി (50%) ജനത്തിന് 12.7% വരുമാനം മാത്രമാണ് ലഭിക്കുന്നത്. ആകെ സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള തൊഴില്‍ വെറും 25% മാത്രമാണ്. സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ 2022-23 കാലത്ത് 50 % ല്‍ ഏറെയാണ്. ഇതില്‍ 64.3% സ്ത്രീകളാണ്.
അതേസമയം വീടുകളിലും കുടുംബ ബിസിനസുകളിലും വേതനമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാലില്‍ ഒന്ന് എന്നായിരുന്നത് മൂന്നില്‍ ഒന്നായി ഉയര്‍ന്നെന്നും ബഹുത്വ കര്‍ണാടകയുടെ കണക്കില്‍ പറയുന്നു.
2014 ലും 2019 ലും തൊഴിലവസരങ്ങള്‍ കൂട്ടുമെന്നായിരുന്നു എന്‍ഡിഎ സര്‍ക്കാരിന്റെ വാഗ്ദാനം. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് പത്തുകോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും എന്നതായിരുന്നു മുഖ്യ വാഗ്ദാനം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല ഉള്ള തൊഴിലവസരങ്ങള്‍ കൂടി ഇല്ലതായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്