ന്യൂഡല്‍ഹി: മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കിനെച്ചൊല്ലി നിയമപോരാട്ടവും വിവാദങ്ങളും മുറുകുന്നു. നീറ്റ് യുജി പുന പരീക്ഷയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ടെലിഗ്രാം നല്‍കിയ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയില്‍, പ്ലാറ്റ്ഫോമില്‍ നടക്കുന്നത് 'ഞെട്ടിക്കുന്ന കാര്യങ്ങളാണെന്ന്' കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
പ്ലാറ്റ്ഫോം മുഴുവനായി വിലക്കിയത് എന്തിന്?
ടെലിഗ്രാമിലൂടെ പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ വില്‍പന നടത്തുന്ന വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. നിശ്ചിത തുക നല്‍കിയാല്‍ പരീക്ഷയുടെ അഞ്ച് ചോദ്യങ്ങള്‍ വരെ നല്‍കാമെന്ന വാഗ്ദാനങ്ങളാണ് പല ചാനലുകളിലുമുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ടെലിഗ്രാം അധികൃതര്‍ തയാറായില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ സമ്പൂര്‍ണ്ണ നിരോധനം നിയമവിരുദ്ധമാണെന്ന് ടെലിഗ്രാമിന് വേണ്ടി ഹാജരായ അഡ്വ. ധ്രുവ് മേത്ത വാദിച്ചു.
നീറ്റുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ 900 ല്‍ അധികം ലിങ്കുകള്‍ ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരം നിയമവിരുദ്ധമായ കൃത്യമായ വിവരങ്ങള്‍ തടയാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. ഒരു പ്ലാറ്റ്ഫോം മുഴുവനായി നിരോധിക്കാന്‍ വ്യവസ്ഥയില്ല. ഇന്ത്യയിലെ 15 കോടിയോളം വരുന്ന ഉപയോക്താക്കളെ ഈ വിലക്ക് നേരിട്ട് ബാധിച്ചിരിക്കുകയാണ്. മറ്റെല്ലാ സോഷ്യല്‍ മീഡിയകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ടെലിഗ്രാമിനെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ഭരണഘടനയുടെ 14-ാം വകുപ്പിന്റെ (സമത്വത്തിനുള്ള അവകാശം) ലംഘനമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
ജൂണ്‍ 21-നാണ് നീറ്റ് യുജി പുനപരീക്ഷ നടക്കുന്നത്. പരീക്ഷ പ്രമാണിച്ച് ജൂണ്‍ 22 വരെയാണ് ആപ്പിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഈ മാസം 30 വരെ മരവിപ്പിച്ചിട്ടുമുണ്ട്.
'കട്ടിയുള്ള ഭക്ഷണം നിരോധിക്കുമോ?' സര്‍ക്കാരിനെ ട്രോള് ടെലിഗ്രാം
കേന്ദ്ര സര്‍ക്കാരിന്റെ നിരോധന നടപടിയെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ പരിഹാസത്തോടെയാണ് ടെലിഗ്രാം നേരിട്ടത്.
'തൊണ്ടയില്‍ കുടുങ്ങി അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കട്ടിയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു! അതുപോലെ പ്രതിവര്‍ഷം 3 ലക്ഷത്തോളം പേര്‍ മുങ്ങിമരിക്കുന്നതിനാല്‍ വെള്ളം കുടിക്കുന്നതും കൈവശം വയ്ക്കുന്നതും ഇനി നിയമവിരുദ്ധമായേക്കാം.' - ടെലിഗ്രാം തങ്ങളുടെ പോസ്റ്റില്‍ കുറിച്ചു.
ഈ വിലക്കിന് പിന്നില്‍ റിലയന്‍സിനും വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും പങ്കുണ്ടാകാമെന്ന ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുറോവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
