പട്‌ന: 2020 ല്‍ ഭരണം നഷ്ടമായ മഹാസഖ്യത്തിന്റെ തിരിച്ചുവരാവെന്ന പ്രതീക്ഷകളെ പാടേ തകര്‍ത്താണ് ബിഹാറില്‍ എന്‍ഡിയെയുടെ മുന്നേറ്റം. തൊഴിലില്ലായ്മയും പിന്നോക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന മോഹമാണ് തകര്‍ന്നടിഞ്ഞത്. ഭരണവിരുദ്ധ വികാരത്തെ ഭരണാനുകൂല വികാരമാക്കി മാറ്റാന്‍ കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി മുന്നില്‍ തന്നെയായിരുന്നു എന്‍ഡിഎ ക്യാമ്പ്.
സ്ത്രീകള്‍ക്കായ് അനുവദിച്ച കാഷ് ബെനിഫിറ്റ് പ്രോഗ്രാമില്‍ 10,000 രൂപം വീതം 12 ലക്ഷത്തോളം സ്ത്രീകളുടെ അക്കൗണ്ടിലെത്തിയത് ഒരുമാസം മുമ്പാണ്. അത് കൃത്യമായി വോട്ടായി മാറാന്‍ ഇതിലും മികച്ച ടൈമിങ് ഇല്ല എന്നും തന്നെ പറയാം. അപസ്വരങ്ങളില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ എന്‍ഡിഎയെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് എല്ലാ സീറ്റിലും കെട്ടുറപ്പോടെ മത്സരിക്കാന്‍ പോലും കഴിഞ്ഞില്ല. മുകേഷ് സാഹ്നിയുടെ വികാസ് ഇന്‍ ശീല്‍ പാര്‍ട്ടിയെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഏഴ് പാര്‍ട്ടികളുടെ മഹാസഖ്യം കെട്ടിപ്പടുത്തിട്ടും 16 സീറ്റില്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യവും പ്രതിപക്ഷത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
2020-ല്‍ 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡിക്ക് ഇത്തവണ അതിന്റെ പകുതി സീറ്റുകളില്‍ പോലും ലീഡ് ചെയ്യാനായില്ല. അതേസമയം യാദവ-മുസ്ലിം വോട്ടുബാങ്കിനപ്പുറത്തേക്ക് ആര്‍ജെഡിക്ക് ഇപ്പോഴും വളരാനാവുന്നില്ലെന്ന് ഈ തിരഞ്ഞെടുപ്പും തെളിയിക്കുന്നു. മുന്നോക്ക വോട്ടുകള്‍ക്ക് ആശ്രയിക്കുന്ന കോണ്‍ഗ്രസാകട്ടെ വീണ്ടും ക്ഷീണിച്ച് ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച് 19 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന് ഇത്തവണ അതിന്റെ പകുതി സീറ്റില്‍പോലും മുന്നിലെത്താനായിട്ടില്ല. 60 സീറ്റില്‍ മത്സരിച്ചിട്ട് ആറ് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മുകേഷ് സാഹ്നിയുടെ പാര്‍ട്ടിയിലൂടെ നിഷാദ് സമുദായത്തിന്റെ അടക്കം പിന്നോക്ക വോട്ടുകളില്‍ ഒരുപങ്ക് പ്രതീക്ഷിച്ചെങ്കിലും അത് ഫലംകണ്ടില്ല. 2020 ല്‍ മഹാസഖ്യത്തിന് 15 സീറ്റുകളുടെ വ്യത്യാസത്തിനാണ് എന്‍ഡിഎയ്ക്ക് മുമ്പില്‍ കീഴടങ്ങേണ്ടി വന്നത്. അപ്പോഴും 75 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിയായിരുന്നു. അന്ന് 11,500 വോട്ടുകളുടെ മാത്രം വ്യത്യാസമായിരുന്നു ഭരണം നിശ്ചയിച്ചത്.
കഴിഞ്ഞ തവണ 11 സീറ്റില്‍ ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തിനും ഏഴിടത്ത് 500 വോട്ടില്‍ താഴെയുമായിരുന്നു ജനവിധി. 2020 ല്‍ 19 സീറ്റില്‍ മത്സരിച്ച് 12 സീറ്റുമായി സിപിഐഎംഎല്‍ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ അവര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല ആറിടത്ത് മാത്രമാണ് ലീഡുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
