ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കി. ഇതോടെ വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്‍ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) പരിഷ്‌കരിച്ചു.
ഡല്‍ഹിയിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യൂഐ) നിലവാരത്തെയും കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ് ഗ്രാപ്പ്. നാല് ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഘട്ടം മുന്നേ നടപ്പിലാക്കാനാണ് നിര്‍ദേശം.
രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കിയിരുന്ന പല നടപടികളും ഒന്നാം ഘട്ടത്തില്‍ തന്നെ നടപ്പിലാക്കാനാണ് പുതിയ തീരുമാനം. ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുക, ഗതാഗതക്കുരുക്കുള്ള പോയിന്റുകളില്‍ അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം ഏകോപിപ്പിക്കുക, പത്രങ്ങള്‍, ടി.വി, റേഡിയോ എന്നിവ വഴി പൊതു മലിനീകരണ മുന്നറിയിപ്പുകള്‍ നല്‍കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി സി.എന്‍.ജി, ഇലക്ട്രിക് ബസ് ഫ്‌ളീറ്റുകള്‍ വര്‍ധിപ്പിക്കുകയും തിരക്കില്ലാത്ത സമയങ്ങളിലെ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്ത നിരക്കുകളോടെ മെട്രോ സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്യുക തുടങ്ങിയ രണ്ടാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ പ്രകാരം ഒന്നാം ഘട്ടത്തില്‍ തന്നെ നടപ്പിലാക്കും.
മൂന്നാം ഘട്ടത്തില്‍ നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ രണ്ടാം ഘട്ടത്തില്‍ തന്നെ നടപ്പിലാക്കാനും നിര്‍ദേശം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും മുനിസിപ്പല്‍ ബോഡികളിലും ഓഫീസ് സമയങ്ങള്‍ വ്യത്യാസപ്പെടുത്താന്‍ അനുമതി നല്‍കി. മറ്റ് ജില്ലകളിലും സമാനമായ നടപടികള്‍ നടപ്പിലാക്കാം. കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി-എന്‍സിആറില്‍ ഉടനീളമുള്ള ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
