രാജീവ് പകര്‍ത്തിയ സോണിയ; 'ബിലോങ്ങിങ്' ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ ചിത്രത്തിലും സര്‍പ്രൈസ്

AUGUST 28, 2026, 10:50 PM

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഓര്‍മപ്പുസ്തകമായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' തരംഗമാകാന്‍ ഒരുങ്ങുന്നു. അന്താരാഷ്ട്ര തലത്തില്‍ പുറത്തിറങ്ങുന്ന പതിപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമായ മുഖച്ഛായയോടെയാകും പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പ് വായനക്കാരുടെ കൈകളിലെത്തുക. സോണിയ ഗാന്ധിയുടെ ക്ലോസ്-അപ്പ് മുഖചിത്രമാണ് അന്താരാഷ്ട്ര പതിപ്പിന്റെ കവറെങ്കില്‍, സാരി ധരിച്ചു നില്‍ക്കുന്ന സൗമ്യമായ ചിത്രമാണ് ഇന്ത്യന്‍ പതിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി സ്വന്തം ക്യാമറയില്‍ പകര്‍ത്തിയതാണ് ഈ അപൂര്‍വ ചിത്രം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രമുഖ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ആയിരിക്കും ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തിക്കുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. അന്താരാഷ്ട്ര തലത്തില്‍ ആല്‍ഫ്രഡ് എ. നോഫ് പുറത്തിറക്കുന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനെ ചൊല്ലി നേരത്തെ വലിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇന്ത്യയിലെ പ്രസാധന ചുമതലയുണ്ടായിരുന്ന പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ, പുസ്തകത്തിലെ പ്രധാനപ്പെട്ട നാലോളം ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ കുറിച്ചിട്ട സത്യങ്ങളില്‍ നിന്നും ഓര്‍മകളില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് സോണിയ നിലപാടെടുത്തതോടെയാണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസാധനത്തില്‍ നിന്ന് പിന്മാറിയത്.

രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള വിവരങ്ങളാണ് ഒഴിവാക്കാന്‍ പ്രസാധകര്‍ ആവശ്യപ്പെട്ടിരുന്നത്. 2004 ഗുജറാത്തിലെ ഒരു പൊതുസമ്മേളനത്തില്‍ വെച്ച് നരേന്ദ്ര മോദി സോണിയയെ 'ജേഴ്സി പശു' എന്ന് വിശേഷിപ്പിച്ചത് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഭാഗം പൂര്‍ണമായി നീക്കം ചെയ്യണമെന്നായിരുന്നു പ്രസാധകരുടെ പ്രധാന ആവശ്യം. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകള്‍, അദ്ദേഹത്തെ രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുന്ന നിരീക്ഷണങ്ങള്‍ എന്നിവ തിരുത്താനും പെന്‍ഗ്വിന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍, അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം എന്നിവയെക്കുറിച്ച് സോണിയ എഴുതിയ ഭാഗങ്ങളും ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ് പ്രസാധകരെ ചൊടിപ്പിച്ച മറ്റ് വിഷയങ്ങള്‍. അതിര്‍ത്തിയിലെ യഥാര്‍ത്ഥ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ അധ്യായങ്ങള്‍ക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ പ്രസാധകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിലപാടില്‍ ഉറച്ചുനിന്ന സോണിയ, പുസ്തകം മാറ്റങ്ങളില്ലാതെ തന്നെ വായനക്കാരിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam