ചെന്നൈ: ബിജെപി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന കടുത്ത ആരോപണവുമായി നടൻ ശരത്കുമാർ രംഗത്തെത്തി. പാർട്ടിയിൽ തനിക്ക് പ്രധാനപ്പെട്ട ചുമതലകൾ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും അത് നടപ്പായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താനോ ഭാര്യ രാധികയോ മത്സരിക്കില്ലെന്ന് അദ്ദേഹം ചെന്നൈയിൽ വ്യക്തമാക്കി. തന്റെ അനുയായികൾക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുന്നതിലും ബിജെപി വീഴ്ച വരുത്തിയതായി ശരത്കുമാർ ആരോപിച്ചു. ദേശീയതലത്തിൽ പദവികൾ നൽകുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട പരാതികൾ ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സ്വന്തം പാർട്ടിയായ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിപ്പിച്ച് ശരത്കുമാർ മുന്നണിയുടെ ഭാഗമായത്. രാധിക വിരുദുനഗറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാഷ്ട്രീയ ജീവിതം തുടങ്ങിയ ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് തന്നെ ശരത്കുമാർ മടങ്ങിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
ജയലളിതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇടക്കാലത്ത് സ്വന്തം പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു. ബിജെപി വിട്ടാൽ പഴയ തട്ടകമായ ഡിഎംകെയിൽ അദ്ദേഹം അഭയം പ്രാപിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
