ഇന്ത്യക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ട് സീറ്റുകളുള്ള സുഖോയ് എസ്.യു-57 വിമാനം പുറത്തിറക്കി റഷ്യ ; ആദ്യ പറക്കല്‍ വിജയം

MAY 21, 2026, 6:59 AM

മോസ്‌കോ: ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക ആവശ്യങ്ങളും താത്പര്യങ്ങളും മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത രണ്ട് സീറ്റുകളുള്ള അത്യാധുനിക എസ്.യു-57 സ്റ്റെല്‍ത്ത് യുദ്ധവിമാനം റഷ്യ പുറത്തിറക്കി. പണ്ട് നിര്‍ത്തിവെച്ച ഇന്ത്യ-റഷ്യ സംയുക്ത അഞ്ചാം തലമുറ യുദ്ധവിമാന സംരംഭമായ എഫ്.ജി.എഫ്.എ പദ്ധതിയുടെ തുടര്‍ച്ചയായാണ് വിദേശ പ്രതിരോധ മാധ്യമങ്ങള്‍ ഈ പുതിയ വിമാനത്തിന്റെ വരവിനെ വിലയിരുത്തുന്നത്. പ്രശസ്ത റഷ്യന്‍ സുഖോയ് ടെസ്റ്റ് പൈലറ്റ് സെര്‍ജി ബോഗ്ദാന്റെ നേതൃത്വത്തില്‍ 2026 മേയ് 19-ന് വിമാനം വിജയകരമായി അതിന്റെ ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കി.
കോക്പിറ്റില്‍ ഇന്ത്യന്‍ 'സുഖോയ്' മാതൃക

വിമാനത്തിന്റെ രൂപകല്‍പ്പനയില്‍ ഇന്ത്യയുടെ പ്രത്യേക താല്പര്യങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് റഷ്യന്‍ വ്യോമയാന മേഖലയിലെ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 'ഇന്ത്യക്കാര്‍ക്ക് ഇങ്ങനെയൊരു വിമാനം വേണമായിരുന്നു, അവര്‍ക്കായി ഞങ്ങള്‍ ഇത് നിര്‍മ്മിച്ചു' എന്നാണ് റഷ്യന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ വിമാനങ്ങളിലെ കോക്പിറ്റ് മാതൃകയിലാണ് ഇതിന്റെയും മുന്‍ഭാഗം ഒരുക്കിയിരിക്കുന്നത്.

ഇരട്ട സീറ്റുള്ള ഈ വിമാനം കേവലം പൈലറ്റ് പരിശീലനത്തിന് മാത്രമുള്ളതല്ല. യുദ്ധമുഖത്ത് ഡ്രോണുകളെയും മറ്റ് വിമാനങ്ങളെയും നിയന്ത്രിക്കാന്‍ ശേഷിയുള്ള ഒരു 'എയര്‍ബോണ്‍ കമാന്‍ഡ് സെന്റര്‍' ആയിട്ടാണ് റഷ്യ ഇതിനെ അവതരിപ്പിക്കുന്നത്.

വിമാനത്തിന്റെ പിന്‍സീറ്റിലിരിക്കുന്ന ഉദ്യോഗസ്ഥന് ഒഖോട്നിക് പോലുള്ള അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധ ഡ്രോണുകളെ യുദ്ധമുഖത്ത് നിയന്ത്രിക്കാനുള്ള ചുമതലയായിരിക്കും ഉണ്ടായിരിക്കുക. സാങ്കേതിക വിദ്യ കൈമാറ്റത്തിനൊപ്പം ഇന്ത്യയുടെ സ്വന്തം ബ്രഹ്മോസ് , അസ്ത്ര മിസൈലുകള്‍ ഈ വിമാനത്തില്‍ ഘടിപ്പിക്കാനുള്ള സൗകര്യവും റഷ്യ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് സജ്ജമാകാന്‍ 2030-കളുടെ പകുതി വരെ സമയമെടുക്കും. ഈ സാഹചര്യത്തില്‍ എസ്.യു-57 ഇന്ത്യയ്ക്ക് ഒരു മികച്ച ഇടക്കാല പകരക്കാരനാകുമെന്നാണ് റഷ്യയുടെ വാദം.

രണ്ട് സീറ്റുകള്‍ ഉള്‍പ്പെടുത്താനായി വിമാനത്തിന്റെ മുന്‍ഭാഗം നീട്ടിയതുപോലുള്ള ഘടനാപരമായ മാറ്റങ്ങള്‍, വിമാനത്തിന്റെ ഇന്ധന സംഭരണശേഷിയെയും സ്റ്റെല്‍ത്ത് (ശത്രു റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി) ഗുണങ്ങളെയും നേരിയ തോതില്‍ ബാധിച്ചേക്കാമെന്ന് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അയല്‍രാജ്യങ്ങള്‍ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍, റഷ്യയുടെ ഈ പുത്തന്‍ വാഗ്ദാനം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഗൗരവമായി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam