പുഷ്പ 2 പ്രീമിയര്‍ ദുരന്തം: നടന്‍ അല്ലു അര്‍ജുന് ഹൈദരാബാദ് കോടതിയുടെ സമന്‍സ്; 22 ന് നേരിട്ട് ഹാജരാകണം

JUNE 19, 2026, 6:48 AM

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ്. ജൂണ്‍ 22 ന് ഹൈദരാബാദിലെ നാമ്പള്ളി സിറ്റി കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് ചിക്കഡപള്ളി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

തീയേറ്റര്‍ ഉടമ, മാനേജര്‍, ലോവര്‍ ബാല്‍ക്കണി ഇന്‍ ചാര്‍ജ്, ഗേറ്റ് കീപ്പര്‍ എന്നിവരുള്‍പ്പെടെയുള്ള തീയേറ്റര്‍ മാനേജ്മെന്റിനെ 1 മുതല്‍ 10 വരെയുള്ള പ്രതികളായും, നടന്‍ അല്ലു അര്‍ജുനെ 11-ാം പ്രതിയായുമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലു അര്‍ജുന്റെ സുരക്ഷാ ജീവനക്കാരായ 8 ബൗണ്‍സര്‍മാരും പ്രതിപ്പട്ടികയിലുണ്ട്. ആകെ 23 പ്രതികളുള്ള കേസില്‍ നിലവില്‍ 19 പേര്‍ക്കാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. പ്രതികള്‍ നേരിട്ട് ഹാജരായ ശേഷമായിരിക്കും കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുക.

2024 ഡിസംബര്‍ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന 'പുഷ്പ 2' ചിത്രത്തിന്റെ പ്രത്യേക ഷോ കാണാന്‍ തീയേറ്ററിലെത്തിയ അല്ലു അര്‍ജുനെ കാണാന്‍ വന്‍ ജനക്കൂട്ടം തള്ളിക്കയറുകയായിരുന്നു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി (35) എന്ന സ്ത്രീ മരണപ്പെടുകയും, അവരുടെ ഒന്‍പത് വയസുകാരനായ മകന്‍ ശ്രീ തേജ് ഗുരുതര പരിക്കുകളോടെ മാസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാവുകയും ചെയ്തു.

മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഡിസംബര്‍ 13-ന് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് താരം ജയില്‍ മോചിതനായത്. പിന്നീട് കോടതി ഇദ്ദേഹത്തിന് സ്ഥിരജാമ്യവും അനുവദിച്ചു.

ദുരന്തത്തെ തുടര്‍ന്ന് അല്ലു അര്‍ജുന്റെ കുടുംബവും പുഷ്പ 2 അണിയറപ്രവര്‍ത്തകരും വലിയ തുക ഇരയുടെ കുടുംബത്തിന് ധനസഹായമായി കൈമാറിയിരുന്നു. അല്ലു അര്‍ജുന്‍ 1 കോടി രൂപയും, പിതാവും നിര്‍മ്മാതാവുമായ അല്ലു അരവിന്ദ് 2 കോടി രൂപയും നല്‍കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവീസ് 50 ലക്ഷം രൂപയും, സംവിധായകന്‍ സുകുമാര്‍ 50 ലക്ഷം രൂപയും ധനസഹായം നല്‍കിയിരുന്നു. കൂടാതെ കുട്ടിയുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള ചെലവുകളും അല്ലു കുടുംബം ഏറ്റെടുത്തിട്ടുണ്ട്. തെലങ്കാന സര്‍ക്കാരും കുടുംബത്തിന് പ്രത്യേക സഹായം പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam