ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ ആഗസ്റ്റ് 12 ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാര്‍ലമെന്റില്‍ നടന്ന എന്‍ഡിഎ സഭാകക്ഷി നേതാക്കളുടെ നിര്‍ണായക യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, മിലിന്ദ് ദേവ്‌റ, പ്രഫുല്‍ പട്ടേല്‍, ചിരാഗ് പാസ്വാന്‍, ഉപേന്ദ്ര കുശ്‌വാഹ, രാം മോഹന്‍, ലല്ലന്‍ സിംഗ്, അപ്‌നാദള്‍ (എസ്) നേതാവ് അനുപ്രിയ പട്ടേല്‍, രാംദാസ് അത്താവലെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചക്ക് പുറമെ പോളിംഗ് ദിവസത്തിന് മുന്നോടിയായുള്ള ഏകോപനത്തിനും പരിശീലനത്തിനും എന്‍ഡിഎ യോഗം ഊന്നല്‍ നല്‍കി. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. പാര്‍ട്ടി വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയില്ല എന്നതിനാല്‍ അസാധു വോട്ടുകള്‍ തടയുന്നതിനുള്ള മുന്‍കരുതലെടുക്കാന്‍ നേതാക്കള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
അടുത്തിടെ നിയമസഭകളില്‍ നടന്ന വോട്ടെടുപ്പുകളില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് കരുതലോടെയുള്ള സമീപനമാണ് എന്‍ഡിഎ സ്വീകരിക്കുന്നത്. അച്ചടക്കവും ഐക്യവും ഉറപ്പാക്കാന്‍ വിശദമായ പരിശീലന സെഷനുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്