ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സര്‍വകക്ഷി സംഘത്തെ അയക്കും. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനുള്ള നയതന്ത്ര ശ്രമത്തിന് ഇന്ത്യ പദ്ധതിയിട്ടത്.
നയതന്ത്ര ദൗത്യത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. നിരവധി പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിനിധികളെ അയയ്ക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.
പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30 ല്‍ കൂടുതല്‍ എംപിമാര്‍ ദൗത്യത്തില്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു. പ്രതിനിധികള്‍ 10 ദിവസത്തിനുള്ളില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. .
ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഐ (എം), തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടി മുന്നറിയിപ്പ് ലഭിച്ച തരൂരിനും ക്ഷണം
ശശി തരൂര്‍, മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിംഗ് എന്നീ നാല് കോണ്‍ഗ്രസ് എംപിമാരെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്, പാര്‍ട്ടി അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാര്‍ട്ടിയുടെ പ്രഖ്യാപിത് നിലപാടിന് കടകവിരുദ്ധമായി സര്‍ക്കാരിനൊപ്പം നിന്ന കോണ്‍ഗ്രസ് നേതാവായ ശശി തരൂരിന് പാര്‍ട്ടി അതിരു കടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ മികച്ച നയതന്ത്രജ്ഞനായ അദ്ദേഹത്തെ സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പ്രതിനിധി സംഘങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് പ്രസിഡന്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
സുദീപ് ബന്യോപാധ്യായ (ടിഎംസി), സഞ്ജയ് ഝാ (ജെഡിയു), സസ്മിത് പത്ര (ബിജെഡി), സുപ്രിയ സുലെ (എന്‍സിപി-എസ്പി), കെ കനിമൊഴി (ഡിഎംകെ), ജോണ്‍ ബ്രിട്ടാസ് (സിപിഐ-എം), അസദുദ്ദീന്‍ ഒവൈസി (എഐഎംഐഎം) എന്നിവരും സര്‍വകക്ഷി പരിഗണിക്കപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്