ചെന്നൈ: തമിഴ്നാട്-പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയകുതിപ്പുമായി സാന്തിയാഗോ മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ ഭാര്യ, മകന്‍, മരുമകന്‍ എന്നിവര്‍ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങള്‍ക്ക് പിന്നാലെ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട മാര്‍ട്ടിന്‍ കുടുംബം, ഈ വിജയത്തോടെ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, ഡിഎംകെ സ്ഥാനാര്‍ത്ഥി ടി. പരിവള്ളലിനെ 2,739 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നയായ സ്ഥാനാര്‍ത്ഥിയായിരുന്ന ലീമ, എതിരാളികളുടെ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഈ വിജയം സ്വന്തമാക്കിയത്. മധ്യ തമിഴ്നാട്ടില്‍ നിന്ന് ജയിക്കുന്ന ആദ്യ എഐഎഡിഎംകെ വനിതാ പ്രതിനിധി എന്ന നേട്ടവും ഇവര്‍ക്കാണ്.
നടന്‍ വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കരുത്തുറ്റ മുഖമായി മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന മാറി. ചെന്നൈ വില്ലിവാക്കം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ആദവ്, 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഡിഎംകെയുടെ കാര്‍ത്തിക് മോഹനെയാണ് തറപറ്റിച്ചത്.
പുതുച്ചേരി രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാര്‍ട്ടിന്റെ മൂത്ത മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍, 'ലക്ഷ്യ ജനനായക കക്ഷി' എന്ന സ്വന്തം പാര്‍ട്ടിയിലൂടെയാണ് നിയമസഭയിലെത്തിയത്. ബിജെപി-എഐഎന്‍ആര്‍സി സഖ്യത്തിന്റെ ഭാഗമായി കാമരാജ് നഗര്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം 10,205 വോട്ടുകളുടെ ഭൂരിപക്ഷം നേടി. പുതുച്ചേരിയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയായിരുന്നു ജോസ് ചാള്‍സ് മാര്‍ട്ടിന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
