പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കും പുറമെ മൂന്നാമതൊരാൾക്കും ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം.
ചേതൻ ചൗധരിയുടെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് വിവരം. കൊലപാതകത്തിന് പിന്നാലെ സിയയും ചേതനും ഇയാളെ ഫോണിൽ ബന്ധപ്പെട്ടതായും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇയാളിലേക്ക് എത്തിച്ചേർന്നതെന്നും റിപ്പോർട്ടുകളുണ്ട്.
22 വയസുള്ള യുവാവിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കാതിരിക്കാനായി പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
അതേസമയം, സിയയെയും ചേതനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്‌ഐടി നീക്കം തുടങ്ങി. ഇതിനായി പൂനെ കോടതിയെ സമീപിക്കാനാണ് തീരുമാനം. സിയയുടെ മൊഴികളിൽ ഗുരുതരമായ വൈരുധ്യങ്ങളുണ്ടെന്നും അന്വേഷണത്തോട് അവർ പൂർണമായി സഹകരിക്കുന്നില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
സിയയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് സിയ സമ്മതം അറിയിച്ച സാഹചര്യത്തിൽ കോടതി അപേക്ഷ അടിയന്തരമായി പരിഗണിക്കുമെന്നാണ് വിവരം.
ജൂൺ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 25-കാരനായ കേതൻ അഗർവാളിനെ പൂനെയിലെ ഒരു കോട്ടയിലേക്ക് വിളിച്ചുവരുത്തിയ സിയയും ചേതനും ചേർന്ന് മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവദിവസം സിയ ധരിച്ചിരുന്ന വസ്ത്രങ്ങൾ പിന്നീട് പൂനെയിലെ മാർക്കറ്റ് യാർഡ് പ്രദേശത്തെ അവരുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.
സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ കേതനെ 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയത് ആരാണെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇരുവരും കുറ്റം പരസ്പരം മറ്റൊരാളുടെ മേൽ ചുമത്തുന്ന സാഹചര്യത്തിൽ നുണപരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
കേതന്റെ മൊബൈൽ ഫോണിൽ നിന്ന് തെളിവുകൾ നീക്കം ചെയ്തിട്ടുണ്ടോ, കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം എന്താണ്, സിയയും ചേതനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം എന്താണ് തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
