ഡൽഹി: നവംബറിൽ വിരമിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി എത്രയും പെട്ടെന്ന് ഒഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ട വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായത്. എന്നാൽ ഇപ്പോൾ താൻ വസതി ഒഴിയാൻ വൈകുന്നതിന്റെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.
പ്രത്യേക പരിഗണന ആവശ്യമുള്ള തന്‍റെ പെൺമക്കൾക്ക് അനുയോജ്യമായ താമസസൗകര്യം കണ്ടെത്താനുള്ള വെല്ലുവിളികളെക്കുറിച്ചാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്. പൊതു ഉത്തരവാദിത്തങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും സർക്കാർ വസതിയിൽ തുടരാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തന്‍റെ മക്കളായ പ്രിയങ്കയെയും മാഹിയെയും കുറിച്ചും, അവർ തനിക്കും ഭാര്യ കൽപ്പന ദാസിനും എങ്ങനെ സന്തോഷം നൽകുന്നുവെന്നും അവരുടെ ആരോഗ്യസ്ഥിതിക്ക് 24 മണിക്കൂറും ശ്രദ്ധയും അവർക്ക് സൗകര്യപ്രദമായ ഒരു വീടും എങ്ങനെ ആവശ്യമാണെന്നുമെല്ലാം ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
പ്രിയങ്കയ്ക്കും മാഹിക്കും നെമലിൻ മയോപ്പതി എന്ന അപൂർവ ജനിതക വൈകല്യമുണ്ട്. ഇത് അസ്ഥികൂടത്തിലെ പേശികളെയാണ് ബാധിക്കുന്നത്. ഈ വൈകല്യത്തിന് ലോകത്ത് നിലവിൽ ചികിത്സയോ മരുന്നോ ഇല്ല. നെമലിൻ മയോപ്പതി പേശികളുടെയും ചലനശേഷിയുടെയും ക്ഷയത്തിന് കാരണമാകുന്നു. ഇത് ശ്വാസകോശ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നു, കടുത്ത സ്കോളിയോസിസിനും ഭക്ഷണം ഇറക്കാനും ശ്വാസമെടുക്കാനും സംസാരിക്കാനുമുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു, കൂടാതെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. പ്രിയങ്കയ്ക്കും മാഹിക്കും ശ്വാസമെടുക്കുന്നതുൾപ്പെടെയുള്ള വിവിധതരം വ്യായാമങ്ങൾ എല്ലാ ദിവസവും ആവശ്യമാണ്. ന്യൂറോളജിക്കൽ, ഒക്യുപേഷണൽ തെറാപ്പികൾ, വേദന നിയന്ത്രണം എന്നിവയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ ഇപ്പോൾ താമസിക്കുന്ന ഈ വീട്, ശുചിമുറികൾ ഉൾപ്പെടെ അവരുടെ അവസ്ഥയ്ക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏതെങ്കിലും വീട്ടിലേക്ക് മാറുക എന്നത് തന്‍റെ കുടുംബത്തിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വാടകയ്ക്ക് താൽക്കാലിക താമസസൗകര്യം സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ആ വീട് രണ്ട് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണെന്നും നിലവിൽ നവീകരണം നടന്നുവരികയാണെന്നും മുൻ ചീഫ് ജസ്റ്റിസ് നേരത്തെ പറഞ്ഞിരുന്നു. തന്‍റെ മിക്ക സാധനങ്ങളും പായ്ക്ക് ചെയ്തിട്ടുണ്ടെന്നും വീട് തയ്യാറായാൽ ഉടൻ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്