ജലന്ധർ: ജലന്ധറിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഡോക്ടറുമായ പീയുഷ് സൂദിനെതിരെ പോലീസ് കേസെടുത്തു. പഞ്ചാബിലെ കപുർത്തല സിവിൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന മീനാക്ഷി (37) ബുധനാഴ്ച ജലന്ധറിലെ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിലാണ് ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. ഭർത്താവിന്റെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളും വഞ്ചനയുമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി മീനാക്ഷിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
നേത്രരോഗ വിദഗ്ധനായ ഡോ. പീയുഷ് ജലന്ധറിൽ 'നാഷണൽ ഐ കെയർ' എന്ന പേരിൽ കണ്ണാശുപത്രി നടത്തിവരികയാണ്. വിവാഹത്തിന് പിന്നാലെ മീനാക്ഷി തന്റെ പേരിൽ 35 ലക്ഷം രൂപ വായ്പയെടുത്താണ് ഭർത്താവിന് ഈ ആശുപത്രി തുടങ്ങാനുള്ള പണം നൽകിയത്. പിന്നീട് തന്റെ ശമ്പളത്തിൽ നിന്നാണ് മീനാക്ഷി ഈ തുക തിരിച്ചടച്ചതും. എന്നാൽ, 2023-ൽ പീയുഷിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് മീനാക്ഷി കണ്ടെത്തിയതോടെയാണ് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
മറ്റൊരു സ്ത്രീക്കൊപ്പമുള്ള പീയുഷിന്റെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ മീനാക്ഷിക്ക് ലഭിച്ചതോടെ പീയുഷ് ഇവരെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. പ്രശ്നപരിഹാരത്തിന് കുടുംബം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2025-ൽ പീയുഷ് മീനാക്ഷിയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും, അന്ന് മീനാക്ഷി പോലീസ് ഹെൽപ് ലൈനിൽ വിളിച്ച് സഹായം തേടിയിരുന്നതായും കുടുംബം വെളിപ്പെടുത്തി.
ഈ സംഭവത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. അടുത്തിടെ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനായി വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ്, തന്റെ ഒപ്പും രേഖകളും വ്യാജമായി ചമച്ച് ഭർത്താവ് താനറിയാതെ സ്വന്തം പേരിൽ രണ്ടരക്കോടിയോളം രൂപ വായ്പയെടുത്ത് തട്ടിച്ച വിവരം മീനാക്ഷി അറിയുന്നത്. ഇതേക്കുറിച്ച് ഭർത്താവിനോട് ചോദിച്ച മീനാക്ഷിയെ അയാൾ കഠിനമായി ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയും ഭർത്താവിന്റെ ഭീഷണിയും കാരണം കടുത്ത മാനസിക സമ്മർദത്തിലായതിനെ തുടർന്നാണ് മീനാക്ഷി ജീവനൊടുക്കിയത്. പീയുഷിന്റെ അവിഹിത ബന്ധം തെളിയിക്കുന്ന സ്വകാര്യ ദൃശ്യങ്ങളടക്കം മീനാക്ഷിയുടെ കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
