ഡൽഹി: വളരെ അപ്രതീക്ഷിതമായിട്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് രാജിയെന്നാണ് വിശദീകരണം. തിങ്കളാഴ്ച രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധൻകർ ആയിരുന്നു.
'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു', രാഷ്‌ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞാണ് രാജി പ്രഖ്യാപനം പുറത്തുവന്നത്.
സഭ വളരെയേറെ ഊർജ്ജസ്വലതയോടെ നിയന്ത്രിച്ച ഉപരാഷ്ട്രപതി രാത്രി 9 മണിയോടെ രാജിവെച്ചപ്പോൾ ഇതിനിടയിലെ അഞ്ച് മണിക്കൂറിൽ എന്ത് സംഭവിച്ചുവെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടിസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുണ്ടായ തർക്കമാണു രാജിയിലേക്കു നയിച്ചതെന്ന സൂചനകൾ ഇതിനകം പുറത്ത് വന്നു.
പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നാണു നോട്ടിസ് ലഭിച്ചത്. 63 അംഗങ്ങൾ ഒപ്പുവച്ചിട്ടുണ്ടെന്നും അതേ വിഷയത്തിൽ പ്രമേയ നോട്ടിസ് ലോക്സഭയിലും ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ടു സഭാധ്യക്ഷരും ചേർന്നാണു തുടർനടപടി തീരുമാനിക്കേണ്ടതെന്നുമാണ് ഇന്നലെ വൈകിട്ടു 4നുശേഷം ധൻകർ സഭയിൽ പറഞ്ഞത്.
ഭരണ–പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പോടെയുള്ളതായിരുന്നു ലോക്സഭയിലെ പ്രമേയ നോട്ടിസ്. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തിന്റേതു മാത്രമായുള്ള നോട്ടിസാണു ലഭിച്ചത്. അത്തരമൊരു നീക്കം പ്രോത്സാഹിപ്പിക്കാൻ സർക്കാർ താൽപര്യപ്പെട്ടില്ല. എന്നാൽ, അതു വകവയ്ക്കാൻ അധ്യക്ഷൻ തയാറായില്ലെന്നാണു സൂചന. ഇതാണ് രാജിയ്ക്ക് പിന്നിലെന്നാണ് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്