ഇനിയും വെളിപ്പെടാത്ത അന്തർ നാടകങ്ങളും ഓർക്കാപ്പുറത്തെ ഉപരാഷ്ട്രപതിയുടെ രാജിയും

JULY 23, 2025, 7:56 AM

ഉപരാഷ്രപട്രപതിയുടെ ഓർക്കാപ്പുറത്തെ രാജി ഏവരിലും അമ്പരപ്പും അതിശയവും സൃഷ്ടിച്ച് മുഴുനീളെ ഒരു സസ്‌പെൻസ് സിനിമയായി മുന്നേറുകയാണ്. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായിരുന്നു രാജസ്ഥാൻകാരനായ ജഗദീപ് ധൻകർ. 2022 ഓഗസ്റ്റ് ആറിന് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കസേര ഉറപ്പിച്ചത്. 

ജഗദീപ് ധൻകറിന്റെ രാജിക്കത്തിന്റെ ഉള്ളടക്കത്തിനപ്പുറം മറ്റോന്നും ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ലെങ്കിലും രോഗ്യകാരണങ്ങളല്ലെന്നത് വ്യക്തം. മുതിർന്ന കേന്ദ്രമന്ത്രിയായ അമിത് ഷായുമായി ഫോണിൽനടന്ന തർക്കവും രാജ്യസഭയുടെ കാര്യോപദേശകസമിതി യോഗത്തിൽനിന്ന് മുതിർന്ന കേന്ദ്രമന്ത്രിമാർ വിട്ടുനിന്നതും പ്രശ്‌നം സങ്കീർണമാക്കിയെന്നാണ് ഒരു കാരണമായി പറയുന്നത്. ധൻകർ രാജിവച്ച ദിവസം രാവിലെ നഡ്ഡ രാജ്യസഭയിൽ നടത്തിയ പരാമർശം ധൻകറിനെ ഉദ്ദേശിച്ചായിരുന്നുവെന്നതിന്റെ തെളിവാണ് അന്നു രാത്രിയിലെ രാജി എന്നു വിലയിരുത്തുന്നവരുമുണ്ട്.

ധൻകറിന് ഉചിതമായ രീതിയിൽ യാത്രയയപ്പ് നൽകാതിരുന്നതും ചർച്ചയാകുകയാണ്. വിടവാങ്ങൽ പ്രസംഗവും ഉണ്ടായേയില്ല. രാജിക്കുപിന്നിൽ വിശദീകരിക്കാൻ കഴിയാത്ത ഒട്ടേറെ നിഗൂഢതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉപരാഷ്ട്രപതി പദവിയിൽനിന്നു രാജിവച്ചെങ്കിലും ജഗ്ദീപ് ധൻകർ ഡൽഹിയിൽ തന്നെ തുടരാനാണ് സാധ്യത. മുൻ ഉപരാഷ്ട്രപതിക്കു രാജ്യത്ത് എവിടെയും സർക്കാർ ചിലവിൽ വസതി നൽകണമെന്നാണു വ്യവസ്ഥ. ചികിത്സയ്ക്കും മറ്റു കാരണങ്ങളാലും ഡൽഹിയിൽ തന്നെ തുടരാനാണു ധൻകർ താൽപര്യപ്പെടുന്നത്. ഡൽഹിയിൽ അദ്ദേഹത്തിനു വസതി ലഭ്യമാക്കുമെന്നു സൂചനകളുമുണ്ട്. ഒരു പ്രൈവറ്റ് സെക്രട്ടറിയേയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയേയും നിയമിക്കുന്നതോടൊപ്പം മറ്റു മൂന്നു ജോലിക്കാരേയും വയ്ക്കാമെന്നാണ് ചട്ടം.

vachakam
vachakam
vachakam

കുറച്ചുകാലമായി ധൻകറും കേന്ദ്രസർക്കാരും തമ്മിലുള്ള ഉരസലുകൾ തിങ്കളാഴ്ച പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നുവത്രെ..! ധൻകറിന്റെ രാജി ഒരു മടിയും കൂടാതെ രാഷ്ട്രപതി സ്വീകരിച്ചതോടെ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് എപ്പോൾ, ആരെയൊക്കെ ബി.ജെ.പി പരിഗണിക്കും എന്നിവയായി ചർച്ച. 

ഇനി എന്ന് തിരഞ്ഞെടുപ്പു നടത്തണമെന്നു തങ്ങളല്ല, തിരഞ്ഞെടുപ്പു കമ്മിഷനാണു തീരുമാനിക്കേണ്ടതെന്നാണു ബി.ജെ.പി നിലപാട്. പാർലമെന്റിലെ അംഗബലം പരിഗണിക്കുമ്പോൾ എൻ.ഡി.എ സ്ഥാനാർഥി എളുപ്പത്തിൽ ജയിച്ചുകയറുമെന്നുറപ്പാണ്. ഉപരാഷ്ട്രപതി രാജിവച്ചാൽ അടുത്തയാളെ തിരഞ്ഞെടുക്കാൻ 'കഴിവതും വേഗം' വിജ്ഞാപനമിറക്കണമെന്നാണു വ്യവസ്ഥ. അതു പാലിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനാണു നടപടിയെടുക്കേണ്ടത്. കമ്മിഷൻ നിലപാട് വ്യ ക്തമാക്കിയിട്ടില്ല.

ഉപരാഷ്ട്രപതി രാജിവച്ചാൽ പദവി താൽക്കാലികമായി ആരെയെങ്കിലും ഏൽപിക്കാൻ ഭരണഘടനയിൽ  ഒരുവ്യവസ്ഥയുമില്ല. എന്നാൽ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു സംബന്ധിച്ച വ്യവസ്ഥകളിൽ ഒരു കാര്യം വ്യക്തമാണ്: പദവി ഒഴിഞ്ഞുകിടക്കുന്നത് ഉചിതമല്ല. ഉപരാഷ്ട്രപതിയുടെ കാലാവധി തികയാൻ 60 ദിവസം ബാക്കിയുള്ളപ്പോൾ തിരഞ്ഞെടുപ്പുനടപടികൾ തുടങ്ങണമെന്നാണു വ്യവസ്ഥ. ഉപരാഷ്ട്രപതി കാലാവധി പൂർത്തിയാക്കിയാലുടൻ അടുത്തയാൾ പദവിയിൽ വരുന്നതിനാണിത്.

vachakam
vachakam
vachakam

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പലപേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ജെ.ഡി.യുവിലെ ഇപ്പോഴത്തെ കൃഷി സഹമന്ത്രിയുമായ രാംനാഥ് ഠാക്കൂറിനു പുറമേ, ബി.ജെ.പിയിൽ നിന്നുമുള്ള രാജ്‌നാഥ് സിങ്, ശിവരാജ്‌സിങ്ങ് ചൗഹാൻ, ജെ.പി.നഡ്ഡ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരുടേയും നിലവിലെ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശിന്റെയും പേരുകളും സാധ്യതാപ്പട്ടികയിൽ ഉണ്ട്. അടുത്തകാലത്തായി  കോൺഗ്രസിനോട് കൂടുതൽ ഇടച്ചിലുമായി നടക്കുന്ന ശശി തരൂരിന്റെ പേരിനും മുൻതൂക്കം കിട്ടുന്നുണ്ട്. തരൂരിന്റെ  ഇപ്പോഴത്തെ മികച്ച പ്രകടനത്തിൽ പ്രധാനമന്ത്രി മോദിക്കും ആർ.എസ്.എസിനും മതിപ്പുണ്ടെന്ന തരത്തിലുള്ള വാർത്തകൾ സജീവമാണ്. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച രീതിയിൽ ആശയവിനിമയം നടത്താനുള്ള തരൂരിന്റെ കഴിവ് മോദി സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നു.

'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ മോദി സർക്കാർ അദ്ദേഹത്തെ ഒരു സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് അയച്ചതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രപരമായ ഉപദേഷ്ടാക്കളായ ആർ.എസ്.എസ്. പോലും തരൂരിനോട് മൃദുസമീപനം കാണിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ശശി തരൂർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാകുമോ എന്ന ചോദ്യം ഉയരുന്നത്.

ജഗദീപ് ധൻകറിൻ ജീവിതയാത്ര ഇങ്ങനെ

vachakam
vachakam
vachakam

അങ്ങ് രാജസ്ഥാനിലെ കിതാന എന്ന കുഗ്രാമത്തിൽ ഒരു ജാട്ട് കർഷക കുടുംബത്തിൽ 1951 മെയ് 18ന് ജനനം. മാതാപിതാക്കൾ ഗോകൽ ചന്ദും കേസരി ദേവിയും. കിതാനയിലെ സർക്കാർ സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗദീപ് പിന്നീട് സൈനിക സ്‌കൂളിൽ ചേർന്നു. ജയ്പൂർ മഹാരാജാസ് കോളേജിൽ നിന്ന് ഫിസിക്‌സിൽ ബിരുദവും ജയ്പൂർ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. രാജസ്ഥാൻ ഹൈക്കോടതിയിലും ഡൽഹിയിലെ സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു.

മറ്റെല്ലാ ജാട്ട് നേതാക്കന്മാരെ പോലെ തന്നെ ഹരിയാനയിൽ നിന്നുള്ള കർഷക നേതാവായിരുന്ന ചൗധരി ദേവിലാലിന്റെ കടുത്ത അനുയായി ആയിട്ടാണ് ധൻകറിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1989ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജുൻജുനുവിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ധൻകറിനെ നിർദ്ദേശിച്ച ദേവിലാൽ തന്നെയാണ്.

1989ൽ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് ലോക്‌സഭാംഗമായി. 1990ൽ കേന്ദ്രമന്ത്രിയായി. എന്നാൽ ഇനിയുള്ളകാലം ദേവിലാലിനെ സേവപിടിച്ചു നിന്നിട്ട് കാര്യമില്ലെന്നു കണ്ട ധൻകർ പിന്നെ പി.വി.നരസിംഹറാവുവിന്റെ കാലത്ത്് ഖദർ ധരിച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ എത്തിയ ജഗദീപ് 1991ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അജ്മീറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1998ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ജുൻജുനുവിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. എന്നുമാത്രമല്ല, കക്ഷി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.

2003ൽ രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെഹ്ലോട്ട് ശക്തനായതോടെ ജഗദീപ് പതിയെ കോൺഗ്രസ് രാഷ്ടീയം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നു.

2008ൽ ബി.ജെ.പിയുടെ രാജസ്ഥാൻ നിയമസഭ ഇലക്ഷൻ കമ്മിറ്റി അംഗമായി. ബി.ജെ.പിയുടെ നിയമ നിർമ്മാണ കമ്മറ്റികളുടെ ഭാരവാഹിയായി തുടർന്നു. ഏറെ വൈകാതെ തന്നെ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജയുടെ വിശ്വസ്ഥനാവുകയും ബി.ജെ.പിക്കുവേണ്ടി മറ്റു രാഷ്ടീയ പാർട്ടികളേയും നേതാക്കളേയും കണക്കറ്റ് വിമർശിക്കുകയും ശകാരിക്കുകയും ചെയ്തപ്പോൾ പാർട്ടി പ്രത്യുപകാരമായി 2019ൽ പിടിച്ച്് ബംഗാൾ ഗവർണറാക്കിയിരുത്തി. അക്കാലത്ത് ഒരു മമതയുമില്ലാതെ മമതാ ബാനർജിയുമായി കൊമ്പുകോർത്തതിനാൽ മറ്റൊരു മഹനീയ സ്ഥാനവും കിട്ടി. അതായിരുന്നു ഉപരാഷ്ടപതി കസേര.

എമ എൽസ എൽവിൻ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam