ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലെ യൂറിയ ഉൽപ്പാദന മേഖല കടുത്ത പ്രതിസന്ധിയിൽ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) വിതരണം തടസ്സപ്പെട്ടതോടെ രാജ്യത്തെ പ്രമുഖ വളം നിർമ്മാണ ശാലകൾ ഉൽപ്പാദനം പകുതിയായി കുറച്ചു.
ഷിപ്പിംഗ് തടസ്സങ്ങൾ കാരണം കരാർ പ്രകാരമുള്ള വാതകം എത്തിക്കാൻ കഴിയില്ലെന്ന് വിദേശ വിതരണക്കാർ അറിയിച്ചതോടെ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്.
ഗെയിൽ (GAIL), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖലാ വിതരണക്കാർ വളം പ്ലാന്റുകൾക്കുള്ള വാതക വിതരണം 60-65 ശതമാനമായി വെട്ടിക്കുറച്ചു. ചിലയിടങ്ങളിൽ ഇത് 50 ശതമാനത്തിന് താഴെയാണെന്ന് വ്യവസായ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വിതരണത്തിലെ അനിശ്ചിതത്വം കാരണം യൂറിയ ഉൽപ്പാദനം പകുതിയോളം ഇടിഞ്ഞപ്പോൾ, പ്ലാന്റുകളുടെ പ്രവർത്തനക്ഷമത കുറഞ്ഞത് ഊർജ്ജ ഉപഭോഗം 40 ശതമാനത്തോളം വർധിക്കാൻ കാരണമായി. കുറഞ്ഞ അളവിൽ വളം ഉൽപ്പാദിപ്പിക്കാൻ കൂടുതൽ ഊർജ്ജം ചെലവാക്കേണ്ടി വരുന്നത് കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.
അപ്രതീക്ഷിതമായി എത്തുന്ന വാതക നിയന്ത്രണ നിർദ്ദേശങ്ങൾ പ്ലാന്റുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. വൻകിട അമോണിയ-യൂറിയ യൂണിറ്റുകൾ പെട്ടെന്ന് പ്രവർത്തിപ്പിക്കാനോ നിർത്തിവെക്കാനോ കഴിയാത്തത് സാങ്കേതിക വെല്ലുവിളികൾക്കും ഇടയാക്കുന്നു. വളം ലഭ്യതയിലുണ്ടാകുന്ന ഈ കുറവ് വരാനിരിക്കുന്ന കൃഷി സീസണുകളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
