ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തിന് സമീപം വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം. പ്രദേശത്തെ ഒരു വയലിലാണ് വിമാനം തകര്‍ന്നു വീണത്. അതിനാല്‍ കൂടുതല്‍ ആള്‍നാശം ഒഴിവായി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജാഗ്വാര്‍ വിമാനം അപകടത്തില്‍ പെടുന്ന മൂന്നാമത്തെ സംഭവമാണിത്.
'ഒരു പതിവ് പരിശീലന ദൗത്യത്തിനിടെ ഒരു ഐഎഎഫ് ജാഗ്വാര്‍ പരിശീലന വിമാനം ഇന്ന് രാജസ്ഥാനിലെ ചുരുവിന് സമീപം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കും ജീവഹാനി സംഭവിച്ചു. സാധാരണക്കാരുടെ ജീവനും സ്വത്തിനും നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല' ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഐഎഎഫ് കൂട്ടിച്ചേര്‍ത്തു. പൈലറ്റുമാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഐഎഎഫ് അഗാധമായി ഖേദിക്കുന്നെന്നും ദുഃഖിതരായ കുടുംബങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്നെന്നും വ്യോമസേന പറഞ്ഞു.
മാര്‍ച്ച് 7ന് അംബാലയില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വാര്‍ വിമാനം സാങ്കേതിക തകരാര്‍ മൂലം അപകടത്തില്‍ പെട്ടിരുന്നു. പൈലറ്റ് ഈ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. ഏപ്രില്‍ 2ന് ഗുജറാത്തിലെ ജാം നഗറില്‍ പരിശീലന പറക്കല്‍ നടത്തുകയായിരുന്ന ജാഗ്വാര്‍ വിമാനം തകര്‍ന്നു വീണിരുന്നു. പൈലറ്റുമാരില്‍ ഒരാള്‍ രക്ഷപെടുകയും ഒരാള്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു.
ആറ് സ്‌ക്വാഡ്രണുകളിലായി 120 ജാഗ്വാര്‍ വിമാനമാണ് ഇന്ത്യക്കുള്ളത്. കാലപ്പഴക്കം ഏറെയുണ്ടെങ്കിലും ലോകമെങ്ങുമുള്ള വ്യോമസേനകള്‍ ജാഗ്വാറുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്