ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമയാന മേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു അറിയിച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന നാഷണൽ അർബൻ ആൻഡ് റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കോൺക്ലേവ് 2026 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയുടെ അടിത്തറയാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. പുതിയ വിമാനത്താവളങ്ങൾ വരുന്നതോടെ ആ പ്രദേശങ്ങളിലെ ഭൂമിക്കും കെട്ടിടങ്ങൾക്കും വലിയ ഡിമാൻഡ് ഉണ്ടാകുമെന്നും ഇത് നിക്ഷേപകർക്ക് വലിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. നിലവിൽ 165 വിമാനത്താവളങ്ങളാണ് രാജ്യത്ത് പ്രവർത്തനസജ്ജമായിട്ടുള്ളത്. ശരാശരി 33 ദിവസത്തിലൊരിക്കൽ ഒരു പുതിയ വിമാനത്താവളമോ ടെർമിനലോ രാജ്യത്ത് നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങൾക്ക് സമീപമുള്ള കെട്ടിടങ്ങളുടെ ഉയര നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രാലയം സജീവമായി ഇടപെടുന്നുണ്ട്. വ്യോമയാന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല 2030-ഓടെ 1 ട്രില്യൺ ഡോളർ മൂല്യത്തിലേക്ക് ഉയരും. 2047-ഓടെ ഇത് 5 മുതൽ 7 ട്രില്യൺ ഡോളർ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
