കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നാലിടങ്ങളിലായി നിലനിന്നിരുന്ന കടുത്ത അതിര്‍ത്തി തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും (BSF) ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശും (BGB) തമ്മില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്. വെള്ളിയാഴ്ച മുതല്‍ അതിര്‍ത്തിയിലെ 'സീറോ പോയിന്റുകളില്‍' കുടുങ്ങിക്കിടന്നിരുന്ന നാല്‍പ്പതോളം ബംഗ്ലാദേശ് പൗരന്മാര്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി ബി.എസ്.എഫ് അധികൃതര്‍ സ്ഥിരീകരിച്ചു.
പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലെ മേഘ്‌ലിഗഞ്ച്, സിതല്‍കുച്ചി, ദിന്‍ഹത, കൂടാതെ ജല്‍പായ്ഗുരി സദര്‍ എന്നീ നാല് അതിര്‍ത്തി മേഖലകളിലാണ് പ്രധാനമായും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നത്. മേഘ്‌ലിഗഞ്ചിലെ പനിഷാലയിലുള്ള 134-ാം നമ്പര്‍ പില്ലറിന് സമീപം സ്ത്രീകളും കുട്ടികളും അടങ്ങുന്ന പത്തംഗ സംഘം മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.
ഇന്ത്യ ഇവരെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന് (Push-back) ആരോപിച്ച് ബി.ജി.ബി ഇവരെ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പ്രശ്‌നപരിഹാരത്തിനായി ബി.എസ്.എഫ് ഫ്ളാഗ് മീറ്റിങ് വിളിച്ചെങ്കിലും തുടക്കത്തില്‍ ബി.ജി.ബി ഇതിനോട് സഹകരിച്ചതുമില്ല.
അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ തങ്ങള്‍ ബംഗ്ലാദേശ് സ്വദേശികളാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ബി.എസ്.എഫ് പുറത്തുവിട്ടു. ഖുല്‍ന സ്വദേശിനിയായ ഒരു സ്ത്രീ തനിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് കരഞ്ഞുപറയുന്ന ദൃശ്യങ്ങള്‍ ബി.ജി.ബിയെ പ്രതിരോധത്തിലാക്കി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിലപാട് മാറ്റാന്‍ ബംഗ്ലാദേശ് അതിര്‍ത്തിരക്ഷാ സേന നിര്‍ബന്ധിതരാവുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ കുടുങ്ങിക്കിടന്നവരെ ബംഗ്ലാദേശ് തിരികെ സ്വീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബി.എസ്.എഫ് നടത്തിയ എട്ട് 'പുഷ്-ബാക്ക്' ശ്രമങ്ങള്‍ തങ്ങള്‍ പരാജയപ്പെടുത്തിയതായും, അസം-ബംഗാള്‍ അതിര്‍ത്തികളിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും ബി.ജി.ബി അവകാശപ്പെട്ടു. പശ്ചിമ ബംഗാളില്‍ പുതിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു. ഇതാണ് അതിര്‍ത്തിയില്‍ ഇപ്പോഴുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
