ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി സ്റ്റാലിൻ. ജനവിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി കൂടിയായ എം കെ സ്റ്റാലിൻ വ്യക്തമാക്കി.
അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് രാഷ്ട്രീയം നയിച്ച ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് വലിയ തിരിച്ചടിയാണ് ഈ ഫലം നൽകിയതെന്ന് വിലയിരുത്തപ്പെടുന്നു. വൻ പരാജയത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ച സ്റ്റാലിൻ, ജയവും പരാജയവും ഡിഎംകെക്ക് പുതുമയല്ലെന്നും ഓർമ്മിപ്പിച്ചു.
ഭരണത്തിലിരുന്നപ്പോൾ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ പോലെ തന്നെ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ ലഭിച്ചതായും, ടിവികെയുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 17.43 ലക്ഷം വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. വോട്ടിംഗ് ശതമാന വ്യത്യാസം 3.52 ശതമാനം മാത്രമാണെന്നും, ഇത് ഡിഎംകെയിലുള്ള ജനങ്ങളുടെ വിശ്വാസം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെ പിന്തുണയാണ് ശക്തിയെന്നും, ജയിച്ച സ്ഥാനാർത്ഥികൾ ഉടൻ മണ്ഡലങ്ങളിൽ എത്തി വോട്ടർമാരോട് നന്ദി അറിയിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ, ഡിഎംകെ 59 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. എഐഎഡിഎംകെ 47 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
