ലഖ്നൗ: ഉത്തർപ്രദേശിലെ 25 ജില്ലകളിൽ ബുധനാഴ്ച മുതൽ പെയ്ത കനത്ത മഴ, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവയെ തുടർന്ന് മരണസംഖ്യ 111 ആയി ഉയർന്നതായി റിപ്പോർട്ട്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രയാഗ്‌രാജിലാണ്. ഇവിടെ 21 പേരാണ് മരിച്ചത്. മിർസാപൂരിൽ 19 പേരും, സന്ത് രവിദാസ് നഗർ (ഭദോഹി) ജില്ലയിൽ 16 പേരും, ഫത്തേപ്പൂരിൽ 11 പേരും ദുരന്തത്തിൽ കൊല്ലപ്പെട്ടു. മറ്റ് ജില്ലകളിലെ സ്ഥിതിഗതികൾ കൺട്രോൾ റൂം വഴി നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണർ ഹൃഷികേശ് ഭാസ്കർ യശോദ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 227 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ഏകദേശം 170 കന്നുകാലികളും ചത്തു. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണതോടെ ഗതാഗതവും വൈദ്യുതി വിതരണവും പല സ്ഥലങ്ങളിലും തടസപ്പെട്ടു.
ഇതിനിടെ ബറേലി ജില്ലയിലെ ഭമോര പ്രദേശത്ത് നാൻഹെ അൻസാരി എന്നയാൾ ടിൻ ഷെഡിനൊപ്പം ശക്തമായ കാറ്റിൽ പറന്ന് ഏകദേശം 50 അടി അകലെയുള്ള ചോളപ്പാടത്ത് വീണ് പരിക്കേറ്റ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
