ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സെര്‍ച്ച് കീവേഡുകള്‍ ലേലം ചെയ്ത് നല്‍കുന്നതില്‍ അധാര്‍മികമായി ഇടപെട്ട ആഗോള സെര്‍ച്ച് ഭീമനായ ഗൂഗിളിന് വന്‍ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. പ്രമുഖ ബാത്റൂം ഫിറ്റിങ്‌സ് നിര്‍മാതാക്കളായ ഹിന്‍ഡ്വെയര്‍ നല്‍കിയ ഹര്‍ജിയില്‍ 30 ലക്ഷം രൂപ (31,600 ഡോളര്‍) നഷ്ടപരിഹാരം നല്‍കാനാണ് ജസ്റ്റിസ് മിനി പുഷ്‌കര്‍ണ ഉത്തരവിട്ടത്.
ട്രേഡ്മാര്‍ക്ക് ഉടമയുടെ അനുമതിയില്ലാതെ ബ്രാന്‍ഡ് നാമങ്ങള്‍ എതിരാളികള്‍ക്ക് പരസ്യത്തിനായി വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഗൂഗിളില്‍ 'ഹിന്‍ഡ്വെയര്‍' എന്ന് ടൈപ്പ് ചെയ്ത് തിരയുമ്പോള്‍, ഹിന്‍ഡ്വെയറിന്റെ വെബ്സൈറ്റിന് പകരം സിറ, ഗ്രോഹെ തുടങ്ങിയ എതിരാളികളായ കമ്പനികളുടെ പരസ്യങ്ങളും വെബ്സൈറ്റുകളുമാണ് ആദ്യം കാണിച്ചിരുന്നത്. 'ഹിന്‍ഡ്വെയര്‍' എന്ന വാക്ക് കീവേഡായി ഉപയോഗിക്കാന്‍ എതിരാളികളില്‍ നിന്ന് പണം വാങ്ങി ഗൂഗിള്‍ അനുവാദം നല്‍കിയതിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. ഏതാണ്ട് പത്ത് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ഒരു കമ്പനി കെട്ടിപ്പടുത്ത ബ്രാന്‍ഡ് മൂല്യത്തെയും ഉപയോക്താക്കളുടെ താല്‍പ്പര്യത്തെയും ചൂഷണം ചെയ്ത് സ്വന്തം പരസ്യ വരുമാനം കൂട്ടാനാണ് ഗൂഗിള്‍ ശ്രമിച്ചത്. ട്രേഡ്മാര്‍ക്ക് അവകാശമുള്ളവരുടെ അനുമതിയില്ലാതെ അവരുടെ പേര് എതിരാളികള്‍ക്ക് വില്‍ക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. സാങ്കേതിക പ്ലാറ്റ്ഫോം എന്ന പേരില്‍ ഗൂഗിളിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി വിധി പുറത്തുവന്നതോടെ സമാനമായ ചൂഷണം നേരിടുന്ന നിരവധി ഇന്ത്യന്‍ കമ്പനികളാണ് ഗൂഗിളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഈ വിധി രാജ്യത്തെ ഡിജിറ്റല്‍ പരസ്യ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 10 വര്‍ഷമായി സെരോദയും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ബ്രാന്‍ഡ് നെയിം മറ്റൊരാള്‍ക്ക് ബിഡ് ചെയ്യാന്‍ നല്‍കി ഗൂഗിള്‍ പണം വാങ്ങുന്നു. ഈ വിധി ദുരിതമനുഭവിക്കുന്ന കമ്പനികള്‍ക്ക് കൃത്യമായ നിയമപരമായ വഴി തുറന്നുനല്‍കുന്നുവെന്നും സെരോദ വ്യക്തമാക്കി.
ഗൂഗിളിന്റെ 'ആഡ്വേര്‍ഡ്സ്' നയം വഴി മറ്റ് കമ്പനികളുടെ ട്രേഡ്മാര്‍ക്കുകള്‍ കീവേഡുകളായി ലേലം ചെയ്യുന്നതിനെതിരെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ കോടതി വിധിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
