ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ ക്രമക്കേടുകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമ്മതിച്ചതിന് പിന്നാലെ, തങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. മൂല്യനിര്‍ണയത്തിലുണ്ടായ സാങ്കേതിക പിഴവുകള്‍ കാരണം വലിയ തോതില്‍ മാര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും, പുനര്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കി ഇത് പരിഹരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ സിബിഎസ്ഇക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിലെ പൊരുത്തക്കേടുകളാണ് പരീക്ഷാ ഫലത്തെ ബാധിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമ്മതിച്ചു. സിബിഎസ്ഇ ആദ്യമായാണ് ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നത്. സിസ്റ്റത്തിലുണ്ടായ തകരാറുകള്‍ വിദ്യാര്‍ഥികളുടെ മാര്‍ക്കിനെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ സുരക്ഷിതമാണെന്നും ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രിതല യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഒഎസ്എം നടപ്പാക്കുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂല്യനിര്‍ണയ കരാര്‍ നല്‍കിയ 'കോയെംപ്റ്റ്' എന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. വിവാദ കമ്പനിയാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും തെലങ്കാനയും എന്തിനാണ് ഈ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടതെന്നും റിജിജു ചോദിച്ചു.
ആദ്യമായി നടപ്പിലാക്കിയ ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനത്തിലെ തകരാറാണ് പ്ലസ്ടു ഫലത്തെ ബാധിച്ചതെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ, വരും ദിവസങ്ങളില്‍ സിബിഎസ്ഇ പ്രഖ്യാപിക്കുന്ന തിരുത്തല്‍ നടപടികളിലാണ് ഇനി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
